സി.എ.ജി-സർക്കാർ ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞു: മോദി

ന്യൂഡൽഹി: കണക്കു പരിശോധനകളെ ഭയത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു രാജ്യത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭയാശങ്കകൾ കാരണം സിഐജിയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നമ്മുടെ സംവിധാനത്തിലെ പൊതുആശയമായി മാറിയിരുന്നു. എന്നാൽ ആ ചിന്താഗതികളൊക്കെ മാറിയെന്നും ഇന്ന് മൂല്യവർധനവിന്റെ പ്രധാനഭാഗമായി ഓഡിറ്റ് മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഓഡിറ്റ് ദിവസ് ‘സംബന്ധിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
കൂടുതൽ ശക്തവും കൂടുതൽ പക്വവും പ്രസക്തവുമാകുന്ന സ്ഥാപനങ്ങൾ കാലക്രമേണ വളരെ കുറവാണ്. പതിറ്റാണ്ടുകൾക്ക് ശേഷം മിക്ക സ്ഥാപനങ്ങൾക്കും പ്രസക്തി നഷ്ടപ്പെടുന്നു. എന്നാൽ സിഎജി ഒരു പൈതൃകമാണ്, ഓരോ തലമുറയും അത് നെഞ്ചിലേറ്റണം. അതൊരു വലിയ ഉത്തരവാദിത്തമാണ്’ മോദി പറഞ്ഞു.
പുറത്ത് നിന്ന് സിഐജി സർക്കാരിന്റെ കാര്യങ്ങൾ വിലയിരുത്തുമ്പോൾ അതിന്റേതായ നേട്ടമുണ്ട്. അവർ പറയുന്നതിനനുസരിച്ച് ചില വ്യവസ്ഥാപിതമായ മെച്ചപ്പെടുത്തലുകൾ നടത്തുകയാണ് തങ്ങളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘പഴയകാലത്ത് കഥകളിലൂടെയാണ് വിവരങ്ങൾ കൈമാറിയിരുന്നത്. കഥകളിലൂടെയാണ് ചരിത്ര രചിക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് 21-ാം നൂറ്റാണ്ടിൽ, ഡാറ്റയാണ് വിവരങ്ങൾ. വരും കാലങ്ങളിൽ നമ്മുടെ ചരിത്രം ഡാറ്റയിലൂടെ കാണുകയും മനസ്സിലാക്കുകയും ചെയ്യും. മാറ്റം വേഗത്തിലാക്കുകയും പ്രക്രിയകൾ നവീകരിക്കുകയും ചെയ്യുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.

