KSDLIVENEWS

Real news for everyone

സ്കൂട്ടറിനായി അബ്ദുൽ ഖാദർ പലവഴി നടന്നു; ഒടുവിൽ പെരുവഴിയിൽ കണ്ടെത്തി

SHARE THIS ON

കാസർകോട് ∙ നഷ്ടപ്പെട്ട സ്കൂട്ടർ തേടി അബ്ദുൽ ഖാദർ നടന്നത് ഒന്നര മാസം. ഒടുവിൽ കാഞ്ഞങ്ങാടെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി. മലയാള മനോരമ അടുക്കത്ത് ബയൽ ഏജന്റ് ചെങ്കള ബദ്‍രിയ മൻസിലിലെ സി.അബ്ദുൽഖാദറിന്റെ കെഎൽ 14ആർ 4454 റജിസ്ട്രേഷൻ നമ്പർ സ്കൂട്ടർ കഴിഞ്ഞ സെപ്റ്റംബർ 23നാണ് മോഷണം പോയത്. താളിപ്പടുപ്പിനടുത്തെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിനു സമീപം സ്കൂട്ടർ നിർത്തി സമീപത്തെ ഒരു വീട്ടിൽ പോയ സമയത്താണു മോഷണം നടന്നത്.

കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയെങ്കിലും സ്കൂട്ടർ കണ്ടെത്തിയില്ല. ഒടുവിൽ സ്കൂട്ടർ അന്വേഷണം അബ്ദുൽഖാദർ സ്വയം ഏറ്റെടുത്തു. വർക്‌ഷോപ്പുകൾ, സിനിമ തിയറ്ററുകൾ, ജംക്‌ഷനുകൾ ഇടവഴികൾ തുടങ്ങി സ്കൂട്ടർ തേടി അബ്ദുൽഖാദർ പലവഴി സഞ്ചരിച്ചു. ഒടുക്കം ഇന്നലെ രാവിലെ പത്രവിതരണത്തിനുശേഷം തിരിച്ചു പോകവെ വഴിയരികിൽ സ്കൂട്ടർ കണ്ടെത്തുകയായിരുന്നു. പെട്രോൾ തീർന്ന നിലയിലായിരുന്നു. താക്കോൽ വണ്ടിയിൽ ഉണ്ടായിരുന്നില്ല.

ദിവസങ്ങളായി സ്കൂട്ടർ ഇവിടെയുണ്ടെന്ന് സമീപത്തെ കട ഉടമകളും പറഞ്ഞു. സ്കൂട്ടർ കണ്ടെത്തിയ വിവരം മകനെ വിളിച്ചറിയിച്ച ശേഷം മറ്റൊരു കീയുമായെത്തി സ്കൂട്ടറിൽ അബ്ദുൽ ഖാദർ വീട്ടിലേക്കു മടങ്ങി. വാഹനം തിരികെ കിട്ടിയ വിവരം പൊലീസിൽ അറിയിച്ചു.സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട സ്ഥലത്തെ സിസിടിവി ക്യാമറ പരിശോധിച്ച് പ്രതിയെ കണ്ടെത്താൻ പൊലീസ് തയാറാവണമെന്നാണ് അബ്ദുൽ ഖാദറിന്റെ ആവശ്യം.

വെബ്സൈറ്റിലെ ഫോൺ നമ്പറിൽ ഒരക്കം കുറവ്

ദിവസങ്ങളായി ബൈക്ക് വഴിയരികിൽ നിർത്തിയിട്ടതു കണ്ട് സംശയം തോന്നിയ സമീപത്തെ സൈക്കിൾ വർക്‌ഷോപ്പുകാരൻ‌ വണ്ടിയുടെ റജിസ്ട്രേഷൻ നമ്പറെടുത്ത് ആർടിഒ വെബ്സൈറ്റിൽ പരതിയിരുന്നു. പക്ഷേ അതിൽ ഉടമയുടെ ഫോൺ നമ്പറിൽ 9 അക്കങ്ങളേ ഉണ്ടായിരുന്നുള്ളു. അതോടെ വർക്‌ഷോപ്പുകാരന്റെ അന്വേഷണം അവിടെ തീർന്നു. പല വാട്സാപ്പ് ഗ്രൂപ്പുകളിലും സ്കൂട്ടറിന്റെ ഫോട്ടോ പ്രചരിച്ചെങ്കിലും ഇതൊന്നും അബ്ദുൽ ഖാദറിന്റെ അടുത്തെത്തിയതുമില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!