പാഠ്യപദ്ധതി പരിഷ്‌കരണം എല്ലാ വിഭാഗങ്ങളേയും പരിഗണിച്ച്, പുതിയ പാഠപുസ്തകം 2024-25 അധ്യയനവർഷം മുതല്‍

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍വരാനുള്ള സമയക്രമത്തിന് അംഗീകാരം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന കരിക്കുലം കമ്മിറ്റി – പാഠ്യപദ്ധതി കോര്‍കമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
പ്രീ സ്‌കൂള്‍, 1,3,5,7,9 ക്‌ളാസുകള്‍ക്ക് 2024-25 അക്കാദമിക വര്‍ഷവും 2,4,6,8,10 ക്ലാസുകള്‍ക്ക് 2025-26 അക്കാദമിക വര്‍ഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. ജനുവരി 31-ന് പൊസിഷന്‍ പേപ്പറുകള്‍ പൂര്‍ത്തിയാക്കും. മാര്‍ച്ച് 31-ന് കരിക്കുലം ഫ്രെയിംവര്‍ക്ക് പ്രസിദ്ധീകരിക്കും. ഏപ്രില്‍ മാസത്തോടെ ടെക്സ്റ്റ്ബുക്ക് രചന ആരംഭിക്കും. ആദ്യഘട്ട ടെക്സ്റ്റ്ബുക്ക് രചന ഈ വര്‍ഷം ഒക്ടോബര്‍ 31-നകം പൂര്‍ത്തിയാക്കും. സമയക്രമം കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളില്‍ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കുവാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത് -മന്ത്രി പറഞ്ഞു.

