പൊലീസിൽ ശുദ്ധികലശം; വ്യാപക അഴിച്ചു പണിയുമായി സർക്കാർ, 160-ലേറെ എസ്എച്ച്ഒമാരെ സ്ഥലംമാറ്റും

തിരുവനന്തപുരം: പൊലീസ് – ഗുണ്ടാ ബന്ധം തെളിഞ്ഞതോടെ മുഖം രക്ഷിക്കാൻ കൂടുതൽ വ്യാപക അഴിച്ചു പണിയുമായി സർക്കാർ. സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റും. ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്കെതിരെയും നടപടി വരും.
ഗുണ്ടാതലവന്മാരുമായി ബന്ധം, സാമ്പത്തികതർക്കങ്ങൾക്ക് ഇടനില നിൽക്കുക, ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കുക, അവിഹിത ബന്ധങ്ങൾ.സംസ്ഥാനത്തും തലസ്ഥാനത്ത് പ്രത്യേകിച്ചും പൊലീസും ഗുണ്ടകളും തമ്മിലെ ബന്ധമാണ് അക്രമസംഭവങ്ങൾ വ്യാപകമാകാൻ കാരണം. ഗുണ്ടകളെ അമർച്ച ചെയ്യാൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും വിവരങ്ങൾ തൊട്ടുപിന്നാലെ സേനയിൽ നിന്നു തന്നെ ചോർന്നു കിട്ടുന്നതോടെ ഗുണ്ടകൾക്ക് അഴിഞ്ഞാടാം. ഇന്നലെ സസ്പെൻഡ് ചെയ്ത നാല് സിഐമാർക്കും ഒരു എസ്ഐക്കും ഡിവൈഎസ്പിക്കുമെതിരായ ഇൻ്റലിജൻസ് റിപ്പോർട്ട് നേരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടിയിരുന്നു. പക്ഷെ ഇവരെയൊന്നും തൊടാതെ ക്രമസമാധാനചുമതലയിൽ തന്നെ നിലനിർത്തുകയായിരുന്നു.

