സോമാലിയയില്‍ ഹോട്ടലിന് നേരെ വന്‍ ഭീകരാക്രമണം; നിരവധി മരണം

സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഒരു ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ വെടിയുതിര്‍ക്കുകയും ബോംബെറിയുകയും ചെയ്തതായി അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്‍പത് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ലിഡോ ബീച്ചിലെ എലൈറ്റ് ഹോട്ടലിലാണ് ഭീകരാക്രമണം നടന്നത്. അല്‍ ഷബാബ് തീവ്രവാദി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഹോട്ടലിന്റെ ഗേറ്റിനു മുന്നില്‍ ശക്തിയേറിയ കാര്‍ബോംബ് സ്‌ഫോടനമാണ് ആദ്യം നടന്നത്. തുടര്‍ന്ന് ആയുധ ധാരികളായ അക്രമികള്‍ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. അക്രമികള്‍ ഹോട്ടലിനുള്ളില്‍ നിരവധി പേരെ ബന്ധികളാക്കിയതായും സൂചനയുണ്ട്. ഭീകരരയും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അക്രമികളില്‍ രണ്ട് പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
മരിച്ചവരില്‍ രണ്ട് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും മൂന്ന് ഹോട്ടല്‍ സുരക്ഷാ ജീവനക്കാരും നാല് സിവിലിയന്മാരും ഉള്‍പ്പെടും.