മോദി സർക്കാറിന്റെ നേട്ടങ്ങൾ പാട്ട് രൂപത്തിൽ അവതരിപ്പിക്കുന്നു. ട്രൈനുകളിൽ പാടാൻ 3000 യാചകർക്ക് പരിശീലനം നൽകും. ഈ വാർത്തയുടെ സത്യാവസ്ഥ വായിക്കാം
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ വിജയങ്ങളെ കുറിച്ച് ട്രെയിനുകളില്‍ പാട്ട് പാടാന്‍ 3000 ഭിക്ഷക്കാര്‍ക്ക് പരിശീലനം നല്‍കും എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ( പി ഐ ബി) ആണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്. ഈ വാര്‍ത്തകളെ പി ഐ ബി നിരസിച്ചു. “ഒരു പത്രത്തിന്റെ എഡിറ്റോറിയലില്‍ 3000 ഭിക്ഷാടനക്കാര്‍ മോദി ഗവണ്‍മെന്റിന്റെ വിജയങ്ങളെ കുറിച്ച് ട്രെയിനുകളില്‍ വിജയഗാനങ്ങള്‍ ആലപിക്കുന്നതിനായി പരിശീലനം നല്‍കും എന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.
ഈ അവകാശവാദം തെറ്റാണ്. അത്തരമൊരു പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുന്നില്ലെന്ന്” പി ഐ ബി ട്വിറ്ററില്‍ വ്യക്തമാക്കുന്നു.
ഇത്തരം തെറ്റായ വാര്‍ത്തകളെ കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2019 ഡിസംബറില്‍ ഇന്റര്‍നെറ്റിലൂടെയുള്ള വ്യാജ വാര്‍ത്തകളെ കുറിച്ച് പരിശോധനകള്‍ ആരംഭിച്ചിരുന്നു.