ഭരണം ലഭിച്ചാൽ കാർഷിക നിയമം നടപ്പിലാക്കില്ല ; പ്രകടനപത്രിക പുറത്തിറക്കി ബിഹാറിലെ മഹാസഖ്യം

ബീഹാർ : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ കാർഷിക നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മഹാസഖ്യം . തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം . കോൺഗ്രസ് , രാഷ്ട്രീയ ജനതാദൾ , ഇടത് പാർട്ടികൾ അടങ്ങുന്ന മഹാസഖ്യമാണ് ശനിയാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത് . തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ കേന്ദ്രം പാസാക്കിയ കാർഷിക ബില്ലുകൾ റദ്ദാക്കുമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു . ബിജെപിക്കെതിരെയും അദ്ദേഹം വിമർശനം നടത്തി.വിദ്വേഷ പരാമർശങ്ങൾ നടത്തി ബിജെപി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു . സംസ്ഥാനത്ത് പ്രളയബാധിതരെ കാണാനോ അവരുടെ ക്ഷേമം അന്വേഷിക്കാനോ ബിജെപിയോ കേന്ദ്ര സർക്കാരോ തയ്യാറായില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു .

