കോണ്‍ഗ്രസ് സാധ്യതാ ലിസ്റ്റ് ആയി; തയ്യാറാക്കിയത് സ്വകാര്യ ഏജന്‍സികള്‍, രഹസ്യ സര്‍വേ നടത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കച്ചമുറുക്കുന്ന യുഡിഎഫ് ഇത്തവണ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് സൂചന. എഐസിസി നിയോഗിച്ച സ്വകാര്യ സർവേ ഏജൻസികൾ ഹൈക്കമാൻഡിന് നൽകിയത് 100 മണ്ഡലങ്ങളുടെ സാധ്യതാ പട്ടികയാണെന്നാണ് വിവരം.
71 സീറ്റ് മുന്നണിക്ക് നേടണമെന്നുണ്ടെങ്കിൽ കോൺഗ്രസ് പരമാവധി സീറ്റുകളിൽ മത്സരിക്കണമെന്നത് നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഇത്തവണ മത്സരിക്കേണ്ട മണ്ഡലങ്ങളും സ്ഥാനാർഥികളും ആരൊക്കെ മത്സരിക്കണമെന്നുമുള്ള സാധ്യതാ പട്ടികയാണ് ഏജൻസികൾ ഹൈക്കമാൻഡിന് നൽകിയിരിക്കുന്നത്. ജാതി- മത സമുദായ സമവാക്യങ്ങൾ നോക്കിയാണ് സ്ഥാനാർഥി സാധ്യതാ പട്ടിക നൽകിയിരിക്കുന്നത്.
കൊൽക്കത്ത, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഏജൻസികളാണ് കോൺഗ്രസിന് വേണ്ടി രഹസ്യ സർവേ നടത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ പേരുൾപ്പെടെ പട്ടികയിലുണ്ടെന്നാണ് വിവരം. ഒരു മണ്ഡലത്തിൽ കുറഞ്ഞത് മൂന്നുപേരുടെ സാധ്യതാ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിന്റെ സൂഷ്മ പരിശോധന തുടങ്ങിയെന്നാണ് വിവരം. ഇത്തവണ ഗ്രൂപ്പുസമവാക്യങ്ങളല്ല, പകരം വിജയസാധ്യത മാത്രമേ നോക്കാവൂ എന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് കർശന നിർദേശം നൽകിയിരുന്നതാണ്. ഇതനുസരിച്ചുള്ള സർവേയാണ് നടന്നത്.
കോൺഗ്രസ് പരമാവധി സീറ്റുകളിൽ മത്സരിക്കുകയും ഘടക കക്ഷികൾ 30 സീറ്റുകളോളം നേടുകയും ചെയ്താലേ യുഡിഎഫിന് ഭരണം ലഭിക്കുകയുള്ളുവെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് ഒറ്റയ്ക്ക് 50 സീറ്റുകൾ നേടുകയെങ്കിലും വേണം. മലബാർ മേഖലയിൽ ലീഗിന് 20 ഓളം സീറ്റുകളിൽ വിജയ സാധ്യതയുണ്ട്. ഇങ്ങനെ നോക്കിയാൽ 71 സീറ്റ് നേടി ഭരണം പിടിക്കാമെന്നാണ് വിലയിരുത്തുന്നത്.
സാധ്യതാ ലിസ്റ്റിലേക്ക് സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകളും സ്ഥാനാർഥികളെ നിർദേശിച്ചിരുന്നു. ഇവരുടെ വിജയ സാധ്യതകൂടി പരിശോധിച്ചതിന് ശേഷമാണ് സർവേ പൂർത്തിയാക്കിയിട്ടുള്ളത്.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ പട്ടികയ്ക്ക് രൂപം കൊടുക്കും. ഇതിന് മുമ്പ് രമേശ് ചെന്നിത്തല നയിക്കുന്ന സംസ്ഥാന ജാഥ സമാപിക്കുന്ന മുറയ്ക്ക് അവസാനഘട്ട ആലോചനകൾ പാർട്ടി നേതൃത്വവുമായി ഉണ്ടാകുമെന്നാണ് വിവരം.
മുൻമന്ത്രി പി.കെ.ജയലക്ഷ്മി, ഐ. സി ബാലകൃഷ്ണൻ എന്നിവർ കൂടാതെ ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള നിലവിലെ മിക്ക എംഎൽഎമാരും പട്ടികയിലുണ്ട്. ലതിക സുഭാഷ്, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും സാധ്യതാ ലിസ്റ്റിൽ ഉണ്ടെന്നാണ് സൂചന. പട്ടികയ്ക്ക് പുറമെ നിന്ന് ചില നേതാക്കളും അപ്രതീക്ഷിതമായി എത്തിയേക്കാം. വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഇങ്ങനെ പറഞ്ഞുകേൾക്കുന്നുണ്ട്.
മൂന്ന് കാറ്റഗറിയായി മണ്ഡലങ്ങളെ തരം തിരിച്ചിട്ടുണ്ട്. കോൺഗ്രസ് ജയിക്കുമെന്നുറപ്പുള്ളതും നിർബന്ധമായും ജയിക്കേണ്ടതുമായ മണ്ഡലങ്ങളാണ് ഒന്ന്. എ ക്ലാസ് മണ്ഡലങ്ങളെന്ന് കരുതുന്ന ഇവിടെ കൃത്യമായ മേൽനോട്ടമുണ്ടാകും. ഈ മണ്ഡലങ്ങൾ വിജയിക്കണ്ടത് ഭരണത്തിലെത്താൻ അത്യാവശ്യമാണ്. 2016ൽ വിജയിച്ചതുൾപ്പെടെയുള്ള മണ്ഡലങ്ങൾ ഇതിൽ പെടും. ശക്തമായി മത്സരം കാഴ്ചവെച്ചാൽ വിജയിക്കാവുന്ന മണ്ഡലങ്ങളാണ് ബി ക്ലാസിലുള്ളത്. എന്നാൽ എൽഡിഎഫിന്റെയോ എൻഡിഎയുടെയോ ഉറച്ച കോട്ടകളെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളാണ് സി ക്ലാസിൽ വരിക. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളും ഇതിൽ വരും.

