കൊവിഡ്: ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമെന്ന് ലോകാരോഗ്യസംഘടന

ജനീവ: ഇസ്രയേലില്‍ പുതിയ വകഭേദം കണ്ടെത്തിയതോടെയും പുതിയ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും ജാഗ്രത പുറപ്പെടുവിപ്പിച്ച് ലോകാരോഗ്യസംഘടന. ലോകത്ത് കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ചിലയിടങ്ങളിലെ വര്‍ദ്ധനവ് ഗുരുതര പ്രശ്നത്തിലേക്ക് നയിക്കുമെന്ന് ഡബ്ലിയു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞയാഴ്ച മുതല്‍ വീണ്ടും കൊവിഡ് വര്‍ദ്ധിക്കാന്‍ തുടങ്ങിയെന്നാണ് സൂചന. 11 ദശലക്ഷം കേസുകളും 43,000 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം മുന്‍പത്തെ ആഴ്ച്ചയേക്കാള്‍ 8% വര്‍ദ്ധിച്ചതായി ഡബ്ലിയു.എച്ച്.ഒ ചൂണ്ടിക്കാട്ടി.
ഒമിക്രോണിന്റെയും ഉപവിഭാഗമായ ബിഎ.2വിന്റെയും അതിതീവ്ര വ്യാപനമാണ് വര്‍ദ്ധനവിന് കാരണം.
പൊതുജനാരോഗ്യത്തിലും സാമൂഹിക നടപടികളിലും വരുത്തിയ വീഴ്ചയും രോഗബാധ വര്‍ദ്ധിപ്പിച്ചു. ചില രാജ്യങ്ങളില്‍ കേസുകള്‍ കുറയുമ്ബോഴും ആഗോളതലത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. ഇതിനര്‍ത്ഥം നാം ഇപ്പോള്‍ കാണുന്ന കേസുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ്.- സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗെബ്രിയേസിസ് പറഞ്ഞു.
നിയന്ത്രണങ്ങള്‍ നീക്കി രാജ്യങ്ങള്‍ : ചിലയിടങ്ങളില്‍ ആശങ്ക
ചൈനയിലും ഹോങ്കോംഗിലും ഒമിക്രോണ്‍ പ്രതിസന്ധി ഉയര്‍ത്തുന്നതിനിടെ ജപ്പാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടി തുടങ്ങി. തിങ്കളാഴ്ച മുതല്‍ ജപ്പാനിലെ നിയന്ത്രണങ്ങള്‍ മുഴുവന്‍ എടുത്തുകളയും. പാകിസ്ഥാനില്‍ എല്ലാ നിയന്ത്രണങ്ങളും നീക്കിയെങ്കിലും കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് ഇതു ബാധകമല്ല.
അതേസമയം, കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുവാനുള്ള ശ്രമത്തിലാണ് ചൈനയും ഹോങ്കോംഗും.
2 വര്‍ഷം കൊവിഡിനെ അകറ്റിനിറുത്തിയെങ്കിലും അഞ്ചാം തരംഗം തടയാന്‍ ഹോങ്കോംഗിന് സാധിച്ചില്ല.
ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. പടിഞ്ഞാറന്‍ പസിഫിക് മേഖലയിലും ആഫ്രിക്കയിലുമാണ് വലിയ വര്‍ദ്ധന. ബ്രിട്ടനിലും ഫ്രാന്‍സിലും നേരിയ വര്‍ദ്ധനയുണ്ട്.
ഇസ്രയേലില്‍ പുതിയ വകഭേദം
ഇസ്രയേലില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കയിലാണ് ലോകം. ബെന്‍ ഗുറിയോന്‍ എയര്‍പോര്‍ട്ടിലെത്തിയ കൗമാരക്കാരായ രണ്ട് യാത്രക്കാര്‍ക്ക് നടത്തിയ പി.സി.ആര്‍ പരിശോധനയിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ ഭീകരമല്ലാത്തതിനാല്‍ ഇവര്‍ക്ക് ചികിത്സ ആവശ്യമായി വന്നിട്ടില്ല. അതേസമയം, പുതിയ വകഭേദത്തിന്റെ വരവ് ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അവയുടെ സവിശേഷതകള്‍ നോക്കാം.
രണ്ട് വകഭേദങ്ങള്‍ ചേര്‍ന്നത്
ഒമിക്രോണ്‍ വകഭേദമാണ് വീണ്ടും ലോകത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിപ്പിച്ചത്. ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎ.1ഉം ബിഎ. 2വും ചേര്‍ന്നതാണ് പുതിയ വകഭേദം. ഇതിന് പേര് നല്‍കിയിട്ടില്ല.ഇതിനുമുന്‍പും ഇത്തരത്തില്‍ ഹൈബ്രിഡ് വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് രൂപപ്പെട്ട ‘ഡെല്‍റ്റാക്രോണ്‍ ഇതിന് ഉദാഹരണമാണ്.
രോഗ
ലക്ഷണങ്ങള്‍
പനി, തലവേദന, മാംസപേശികളുടെ തളര്‍ച്ച. ഇവയെല്ലാം ചെറിയ രീതിയില്‍ അനുഭവപ്പെടും. ഇതിന് പ്രത്യേക ചികിത്സയുടെ
ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരും അഭിപ്രായപ്പെട്ടത്.
ഉറവിടം
വകഭേദത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമാനം കയറുന്നതിന് മുന്‍പ് തന്നെ വൈറസ് ബാധിച്ചിരിക്കാം.
എത്രമാത്രം
ആശങ്കാജനകം ?
പുതിയ വകഭേദം ആശങ്കയുയര്‍ത്തുന്നില്ലെന്നാണ് ഇസ്രയേല്‍ ആരോഗ്യവിദഗ്ദ്ധരുടെ കണ്ടെത്തല്‍.

