പത്തനംതിട്ടയില്‍ ഇടിമിന്നലേറ്റ് ഒരു മരണം: മരിച്ചത് ചെങ്ങറ സമര ഭൂമിയിലെ താമസക്കാരൻ

പത്തനംതിട്ട: സംസ്ഥാനത്ത് വേനല്‍മഴക്കിടെ ഇടിമിന്നലേറ്റ് ഇന്നും മരണം. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. നീലകണ്ഠൻ്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അതിനിടെ തൃശ്ശൂർ പൊയ്യ പഞ്ചായത്തില്‍ മിന്നല്‍ ചുഴലിയുണ്ടായി. പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളില്‍ പെട്ട പ്രദേശങ്ങളില്‍ ഇന്നലെയാണ് സംഭവം നടന്നത്. 25 ഓളം കർഷകരുടെ നാനൂറോളം ജാതി മരങ്ങള്‍ വീണതിനെ തുടർന്ന് കൃഷി നാശം ഉണ്ടായി. ഇന്ന് രാവിലെ കർഷകർ പറമ്ബില്‍ നോക്കാൻ എത്തിയപ്പോഴാണ് ജാതി മരങ്ങള്‍ വീണ വിവരം അറിയുന്നത്. അര മണിക്കൂറോളം കാറ്റ് നീണ്ടുനിന്നതായി നാട്ടുകാർ പറയുന്നു. താണിക്കാട് മരം വീണതിനെ തുടർന്ന് ഒരു വീടിൻറെ കവാടം തകർന്നു. കാറ്റത്ത് മാള ജങ്ഷനില്‍ കടക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന സോളാർ പാനല്‍ തകർന്ന് താഴേക്ക് വീണു.