ജഗൻമോഹൻ റെഡ്ഡിക്കും ഡാല്‍മിയ സിമന്‍റ്സിനും തിരിച്ചടി, 793 കോടിയുടെ സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാല്‍മിയ സിമന്‍റ്സിനും തിരിച്ചടി.
793 കോടി വരുന്ന സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു. ഡാല്‍മിയ സിമന്‍റ്സില്‍ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഇഡി പിടിച്ചെടുത്തു. ഡാല്‍മിയ സിമന്‍റ്സിന്‍റെ 793 കോടി രൂപ വില വരുന്ന ഭൂമിയും കണ്ടുകെട്ടി. 2011-ല്‍ സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിന് ശേഷം ഇഡി നടപടി.
ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ജഗന്‍റെ ഉടമസ്ഥതയിലുള്ള ഭാരതി സിമന്‍റ്സ്, രഘുറാം സിമന്‍റ്സ് എന്നീ കമ്ബനികളില്‍ ഡാല്‍മിയ സിമന്‍റ്സ് നിക്ഷേപം നടത്തിയിരുന്നു. ഇതിന് പകരമായി ജഗൻ വഴി കഡപ്പയില്‍ 407 ഹെക്ടർ ഭൂമിയില്‍ ഖനനാനുമതി ഡാല്‍മിയ സിമന്‍റ്സിന് കിട്ടിയെന്നാണ് സിബിഐയും ഇഡിയും കണ്ടെത്തിയത്.
2010-ല്‍ ജഗൻമോഹൻ റെഡ്ഡി, വിജയ് സായ് റെഡ്ഡി, പുനീത് ഡാല്‍മിയ എന്നിവർ ചേർന്ന് രഘുറാം സിമന്‍റ്സിന്‍റെ ഓഹരികള്‍ പാർഫിസിം എന്ന ഫ്രഞ്ച് കമ്ബനിക്ക് വിറ്റു. ഇതില്‍ നിന്ന് 135 കോടി രൂപ ലഭിച്ചു. ഇതില്‍ 55 കോടി ജഗൻ മോഹൻ റെഡ്ഡിക്കാണ് ലഭിച്ചത്. ഈ പണം ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തിയത് എന്നും മൊത്തം ഇടപാടുകള്‍ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നും കേന്ദ്ര ഏജൻസികള്‍ കണ്ടെത്തി. ഇതിന്‍റെ ഭാഗമായാണ് 14 വർഷത്തിന് ശേഷം ഇപ്പോള്‍ ഓഹരികളും ഭൂമിയും പിടിച്ചെടുത്തിരിക്കുന്നത്.