മയക്കുമരുന്ന് ഉപയോഗം: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍

കൊച്ചി: മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
യഥാക്രമം എൻഡിപിഎസ് ആക്ട് 27ബി, 29, ബിഎൻസ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തപരിശോധന നടത്താനാണ് പൊലീസ് തീരുമാനം. അടുത്തദിവസങ്ങളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് രക്തപരിശോധനയില്‍ വ്യക്തമാകും. ലഹരി വില്‍പ്പനക്കാരനായ സജീറുമായി ബന്ധമുണ്ടെന്നും നടൻ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഷൈൻ സമ്മതിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസെടുത്ത് തുടർനടപടികളിലേക്ക് നീങ്ങാൻ പൊലീസ് തീരുമാനിച്ചത്. കേസ് തെളിയിക്കപ്പെട്ടാല്‍, കുറ്റം ചെയ്തതിന് സമാനമായ ശിക്ഷ തന്നെ ലഭിക്കുമെന്ന വ്യവസ്ഥ 29/1 വകുപ്പിലുണ്ട്.
ഹോട്ടലില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുകയും ഉപയോഗിക്കുകയും ചെയ്താല്‍ ഏത് രീതിയിലായിരിക്കുമോ ഈ കേസ് മുന്നോട്ടുപോവുക, സമാനരീതിയിലായിരിക്കും ഗൂഢാലോചനക്കുറ്റത്തിന്റെയും നടപടിക്രമങ്ങള്‍.
വേദാന്ത ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയതിന്റെ കാരണം സംബന്ധിച്ച തെളിവുകള്‍ പൊലീസിന്റെ കൈയില്‍ ഉണ്ടായിരുന്നില്ലെങ്കിലും മറ്റു ചില ഹോട്ടലുകളില്‍ താമസിച്ചത്, ചിലരുമായി ബന്ധപ്പെട്ടത്, ഗൂഗിള്‍ പേ വഴി പണം കൈമാറിയത്, ബാങ്ക് ഇടപാടുകള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതെല്ലാം കൈയില്‍വച്ചാണ് ഇന്ന് പൊലീസ് ചോദ്യം ചെയ്യല്‍ നടത്തിയത്. അതുകൊണ്ടുതന്നെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ ഷൈനിന് സാധിച്ചില്ല.
അതേസമയം, നടന്റെ ലഹരി പരിശോധന നടത്താനും പൊലീസ് നീക്കമുണ്ട്. ഇതിനായി താരത്തിന്റെ അനുമതി തേടും. ഇതിനു ഷൈൻ സമ്മതിച്ചില്ലെങ്കില്‍ നിയമോപദേശം തേടാനാണ് പൊലീസ് ഒരുങ്ങുന്നത്.
കഴിഞ്ഞദിവസം പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിയോടിയത് പൊലീസിനെ കണ്ട് പേടിച്ചിട്ടാണെന്ന് ഷൈൻ മൊഴി നല്‍കിയിരുന്നു. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈൻ പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇന്നു രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. ഷൈനിന്റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനായി സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചത്.