യുഡിഎഫില്‍ കയറാന്‍ ജോയിയില്‍ പിടിച്ച് അന്‍വര്‍: പിന്തുണ സ്വീകരിക്കുന്നു; ചർച്ച നടക്കുന്നുവെന്ന് സതീശന്‍

കോഴിക്കോട്: എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചത് മുതല്‍ പി.വി.അന്‍വര്‍ യുഡിഎഫ് പ്രവേശനത്തിനായി പതിനെട്ടടവും പയറ്റിവരികയാണ്. സ്വന്തം പാര്‍ട്ടി രൂപീകരണ ശ്രമം മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വരെ എത്തിനില്‍ക്കുന്ന അന്‍വറിന് മുന്നിലുള്ള അവസാന അവസരമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ പ്രവേശനം നേടനായില്ലെങ്കില്‍ അത് തന്റെ രാഷ്ട്രീയ ഭാവിയെതന്നെ ബാധിക്കുമെന്ന തിരിച്ചറിവില്‍ വ്യക്തമായ കണക്ക് കൂട്ടലിലാണ് അന്‍വറുള്ളത്.
മുന്നണി പ്രവേശനത്തിന് സമ്മര്‍ദ്ദമുയര്‍ത്തുന്നതിന്റെ ഭാഗമായാണ് അന്‍വര്‍ ഡിസിസി അധ്യക്ഷന്‍ വി.എസ്.ജോയ്ക്കായി വാദിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഒന്നുകില്‍ താന്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ പ്രവേശനം, ഇതാണ് അന്‍വര്‍ മുന്നോട്ട് വെക്കുന്നത്. അന്‍വറിന് വഴങ്ങി ജോയിയെ സ്ഥാനാര്‍ഥി ആക്കിയാല്‍ ആര്യാടന്‍ ഷൗക്കത്തിനെ എങ്ങനെ നേരിടുമെന്നാകും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ മുന്നണിയില്‍ പ്രവേശനം നല്‍കുന്നതിന് പല സഖ്യകക്ഷികള്‍ക്കും നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. അന്‍വറിനെ പിണക്കുന്നതും നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിയില്‍ പൊതുവെയുള്ള വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഇടത് മുന്നണിയുടെ സിറ്റിങ് സീറ്റില്‍ മത്സരിച്ച് വിജയിച്ചാല്‍ വലിയ ആത്മവിശ്വാസമാകും പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടാകുക. അന്‍വര്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിറുത്തിയാല്‍ യുഡിഎഫിന്റെ വിജയസാധ്യകള്‍ക്ക് മങ്ങലേല്‍ക്കും. അതുകൊണ്ട് തന്നെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. തന്നെ മുന്നണിയിലെടുക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് അന്‍വര്‍ പറയുന്നത്. അക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ താന്‍ അറിയിച്ചിട്ടുണ്ടെന്നും ഇനി അവര്‍ തീരുമാനിക്കട്ടെയെന്നുമാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും യുഡിഎഫിലും യാതൊരു ആശയകുഴപ്പവും ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്. ‘നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ തീരുമാനിക്കും. ചില ചാനലുകള്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയാണ്. രാവിലെ ഒരാളെ പ്രഖ്യപിച്ചിട്ട് വൈകുന്നേരമാകുമ്പോള്‍ മറ്റൊരാളുടെ പേര് പറയും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും ചാനലുകള്‍ ഞങ്ങള്‍ക്ക് വിട്ടു നല്‍കണം. മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ കൂടിയാലോചന നടത്തിയതല്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നിട്ടില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. അതിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുന്നതേയുള്ളൂ. തിരഞ്ഞെടുപ്പ് തീരുമാനിച്ചാല്‍ മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും’ സതീശന്‍ പറഞ്ഞു.
പി.വി അന്‍വര്‍ യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്. അത് സ്വീകരിച്ചിട്ടുമുണ്ട്. അദ്ദേഹവുമായി നേതൃത്വം ആശയവിനിമയം നടത്തുന്നുമുണ്ട്. പി.വി അന്‍വര്‍ ഒരു പേരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് തീരുമാനിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിക്കും പിന്തുണ നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.