KSDLIVENEWS

Real news for everyone

പാര്‍ട്ടി മന്ത്രിയാക്കി, നന്നായി പ്രവര്‍ത്തിച്ചു; സംതൃപ്തിയെന്ന് ശൈലജ

SHARE THIS ON

തിരുവനന്തപുരം: പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും നന്നായി പ്രവർത്തിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും കെ.കെ. ശൈലജ. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ. പാർട്ടി തീരുമാനിച്ചിട്ടാണ് താൻ മന്ത്രിയായത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിർവഹിച്ചിട്ടുണ്ട്. വളരെ നല്ല പുതിയ ടീം ആണ് വരുന്നത്. അവർക്ക് വളരെ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്- ശൈലജ പ്രതികരിച്ചു.
താൻ മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കില്ല. ഇതൊരു സംവിധാനമാണ്, വ്യക്തിയല്ല. ഒരു സംവിധാനമാണ് ഇതെല്ലാം നിർവഹിക്കുന്നത്. ആ സംവിധാനത്തിന്റെ തലപ്പത്ത് താൻ ആയിരുന്നപ്പോൾ അത് കൈകാര്യം ചെയ്തു. ഞാൻ മാത്രമല്ലല്ലോ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയൊരു ടീം അല്ലേ അത് കൈകാര്യം ചെയ്തിരുന്നതെന്നും ശൈലജ പറഞ്ഞു. മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ ശൈലജ, ഇനി വരുന്ന മന്ത്രിസഭയ്ക്കും അതേ പിന്തുണ നൽകണമെന്നും അഭ്യർഥിച്ചു.
“കോവിഡ് പ്രതിരോധ പ്രവർത്തനം താൻ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സർക്കാരിന്റെ പൊതുവായ പ്രവർത്തനവും ടീം വർക്കുമാണ്. ഒരുപാട് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ പ്രവർത്തനമാണ്. ആരോഗ്യ മന്ത്രിയായിരുന്നതു കൊണ്ട് ആ ഉത്തരവാദിത്തം നിറവേറ്റി എന്നതാണ്. പൂർണ സംതൃപ്തിയാണ് ഉള്ളത്. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം കഴിയാവുന്നത്ര നന്നായി നിർവഹിക്കാൻ ശ്രമിച്ചു. അതിൽ സംതൃപ്തിയുണ്ട്. പുതിയ ആളുകൾ വരുമ്പോൾ അതിനേക്കാൾ നന്നായി അത് നിർവഹിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളത്.” പാർട്ടി മന്ത്രിയാക്കിയത് കൊണ്ടാണ് തനിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിച്ചതെന്നും ശൈലജ കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഏത് പ്രശ്നമായാലും ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങൾ ഉണ്ടാവുമല്ലോ. അതുകൊണ്ട് അത്തരത്തിൽ ഒരു അഭിപ്രായപ്രകടനം ഉണ്ടാവേണ്ട കാര്യമില്ലെന്നാണ് കരുതുന്നത് എന്നായിരുന്നു ശൈലജയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!