ഒറ്റ ദിനം 12,000 കേസുകൾ: പനിച്ചുവിറച്ച് കേരളം; ആശങ്കയായി ഷിഗെല്ലയും ഡെങ്കിയും

മഴക്കാലമായതോടെ കൊതുകുകൾ പെരുകുകയും ജലജന്യ രോഗങ്ങൾ വ്യാപിക്കുകയും ചെയ്തതോടെ കേരളം പനിച്ചുവിറയ്ക്കുകയാണ്. ശുചീകരണപ്രവർത്തനങ്ങളിലുണ്ടായ പാളിച്ചകളും രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നു. ഡെങ്കിപ്പനിയും ഷിഗല്ലയും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. ഇതിനൊപ്പം നിപ, ചിക്കുൻഗുനിയ, ഇൻഫ്‌ളുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ചികിത്സാകേന്ദ്രങ്ങളിലുമായി ദിനംപ്രതി ആയിരക്കണക്കിന് പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ രോഗബാധിതരാകുന്നത് ആരോഗ്യവകുപ്പിന് കടുത്ത തലവേദന സൃഷ്ടിക്കുന്നു.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെല്ലാം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. ഛർദ്ദി, കണ്ണിന് ചുവപ്പ് നിറം, തുടർച്ചയായ വയറിളക്കം മുതലായ ലക്ഷണങ്ങൾ അവഗണിക്കരുത്. ചികിത്സ വൈകിയാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കും മരണത്തിലേക്കും നയിക്കാം.
ഒരു ദിവസം 12,000 ത്തിലധികം കേസുകൾ, ഭീഷണിയാകുന്ന ഡെങ്കിപ്പനിയും എലിപ്പനിയും
കഴിഞ്ഞ ദിവസം മാത്രം 12,191 പേർ സംസ്ഥാനത്തുടനീളം പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവുമധികം കേസ് റിപ്പോർട്ട് ചെയ്തത്. 2222 കേസുകൾ മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ആയിരത്തിലധികം കേസ് റിപ്പോർട്ട് ചെയ്തു. 19 പേർക്ക് എലിപ്പനിയും ആറ് പേർക്ക് മലേറിയയും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. 105 പേർക്കാണ് കഴിഞ്ഞദിവസം മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
എറണാകുളത്താണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ 105 ൽ 32 കേസുകളും എറണാകുളത്താണ്. 10 ദിവസത്തിനിടെ 698 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അയ്യായിരത്തിലധികം പേർ ഡെങ്കിപ്പനി സംശയത്തിലാണ്. 10 മരണമാണ് രണ്ടാഴ്ച്ചക്കിടെ റിപ്പോർട്ട് ചെയ്തത്.
വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ വേഗത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. എത്രയുംവേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം.
ആശങ്കയായി ഷിഗെല്ല, നിപയിൽ ആശ്വാസം
ഈ മാസം 92 ഷിഗെല്ല കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ആകെ 168 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് അഞ്ച് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മാർച്ചിലാണ് ഒരു മരണം. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് ഷിഗെല്ല ബാധിച്ച് മരണം സംഭവിച്ചത്.
കുട്ടികളിൽ കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. വയറിളക്കം, ശക്തമായ വയറുവേദനയും മലബന്ധവും, പനി, ഛർദി, ക്ഷീണം മുതലായവ ഷിഗെല്ലയുടെ ലക്ഷണങ്ങളാണ്. രോഗി ഉപയോഗിച്ചതോ മലിനമായതോ ആയ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുക, രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം പുലർത്തുക എന്നിവ ഒഴിവാക്കണം.
പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം പകരുന്നുണ്ട്. ആരോഗ്യമന്ത്രി കെ മുരളീധരൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിപയിൽ 38 ടെസ്റ്റുകൾ നടത്തിയതിൽ 37 കേസുകളും നെഗറ്റീവ് ആണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതാണ് പകർച്ചവ്യാധികൾ കൂടാൻ കാരണമായതെന്ന് മന്ത്രി സമ്മതിക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള വിവിധ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈപവർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വേണം ജാഗ്രത, പരിസരം ക്ലീനാകണം
വീടുകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുകുകളുടെ ഉറവിടങ്ങൾ ഇല്ലാതാക്കണമെന്നും ആരോഗ്യവകുപ്പ് ആവർത്തിച്ച് നിർദേശിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകൾക്കിടയിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകളും മാലിന്യ നിക്ഷേപവും തുടരുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു.
പനി ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികൾ പ്രത്യേക തയാറെടുപ്പുകൾ നടത്തുന്നുണ്ട്. ഗുരുതര രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ ആശുപത്രിയിലെത്തണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്. പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗങ്ങൾ പടരാതിരിക്കാൻ കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്കുമായാണ് ഈ ദിവസങ്ങൾ നീക്കിവെച്ചിരിക്കുന്നത്.
മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറുന്നതാണ് ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും വർധിക്കാനുള്ള പ്രധാന കാരണം. വീടുകളുടെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ടയറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു. ശുദ്ധജല സ്രോതസ്സുകളിൽ പോലും കൊതുകുകൾ വളരുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സാഹചര്യമാണുള്ളത്.
രോഗവ്യാപനം തടയുന്നതിൽ വ്യക്തിശുചിത്വത്തിനും പരിസര ശുചീകരണത്തിനും പ്രാധാന്യമുണ്ട്. കൈകൾ ഇടയ്ക്കിടെ കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കൊതുകുകടി ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക, പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.
പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകൾ
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
വ്യക്തി ശുചിത്വം പാലിക്കുക.
വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
കൊതുകിനെ തടയാൻ ജാലകവല ഉപയോഗിക്കുക.
ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.
ഡോക്ടറുടെ കുറിപ്പില്ലാതെ സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക.

