+1 പ്രവേശനം: അപേക്ഷാതീയതി വ്യാഴാഴ്ച വരെ നീട്ടണമെന്ന് ഹൈക്കോടതി

എറണാകുളം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള തീയതി ജൂലൈ 21 വരെ നീട്ടാന്‍ ഹൈക്കോടതി നിര്‍ദേശം. സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്.ഹരജി 21 ന് വീണ്ടും പരിഗണിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനുള്ള അവസാന ദിവസം ഇന്നായിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വൈകുന്ന പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.
സി.ബി.എസ്.ഇ ഇതുവരെ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാല്‍ അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ട്രയല്‍ അലോട്ട്‌മെന്റ് ജൂലൈ 21 ന് പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചു. ഇതിന് മുമ്ബ് സിബിഎസ്.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചാല്‍ 23 വരെ അപേക്ഷിക്കാനുള്ള അവസരം നല്‍കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു.
അതേസമയം നാല് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നുണ്ട്. പ്രവേശന നടപടികള്‍ വൈകുന്നത് പരീക്ഷാ നടത്തിപ്പിനെയടക്കം ബാധിക്കുമെന്ന വാദവും അതിനിടെ ഉയര്‍ന്നു. പരീക്ഷാഫലം എന്ന് പ്രസിദ്ധീകരിക്കുമെന്നറിയിക്കാനായി സി.ബി.എസ്.ഇ അഭിഭാഷകന്‍ സാവകാശം തേടിയിട്ടുണ്ട്. തുടര്‍ന്നാണ് 21 വരെ അപേക്ഷാ തീയതി നീട്ടാന്‍ കോടതി നിര്‍ദേശിച്ചത്.

