KSDLIVENEWS

Real news for everyone

ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നു നിയമോപദേശം; വിസി ഹൈക്കോടതിയിലേക്ക്

SHARE THIS ON

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടിക മരവിപ്പിച്ച, ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് വൈസ് ചാന്‍സലര്‍ക്കു നിയമോപദേശം. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഇന്നു ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

വൈസ് ചാന്‍സലര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയാണ് ഗവര്‍ണര്‍ നിയമന നടപടികള്‍ മരവിപ്പിച്ചത്. ഇതു നിയമപരമല്ലെന്നാണ് വൈസ് ചാന്‍സലര്‍ക്കു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടികളുമായി മുന്നോട്ടുപോവാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാളെ സര്‍വകലാശാല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയില്‍ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചാണ് നിയമന നടപടി മരവിപ്പിച്ച്‌ കൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ നടപടി.

കണ്ണൂര്‍ സര്‍വകലാശാലയുടെ 1996ലെ ആക്‌ട് പ്രകാരമാണ് നടപടി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്ബെയിന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്. നിയമനത്തെ ന്യായീകരിച്ചുകൊണ്ടുള്ള വൈസ് ചാന്‍സലറുടെ വാദങ്ങള്‍ തള്ളി കൊണ്ടാണ് ഗവര്‍ണറുടെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!