ഇമ്രാൻഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണം: ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ പാക് സുപ്രീംകോടതി

ഇസ്‌ലാമാബാദ്: പാക് മുൻപ്രധാനമന്ത്രിയും പാകിസ്താൻ തഹ്‌രീക്കെ ഇൻസാഫ് (പി.ടി.ഐ.) അധ്യക്ഷനുമായ ഇമ്രാൻഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് പാക് സുപ്രീംകോടതി. മെഡിക്കൽ റിപ്പോർട്ടുകൾ മുൻനിർത്തി ഇമ്രാന്റെ കുടുംബവും പാർട്ടി നേതാക്കളും ഉന്നയിച്ച ദീർഘകാലമായുള്ള ആവശ്യത്തിലാണ് നടപടി. അടുത്ത 48 മണിക്കൂറിനകം ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാനും സെപ്റ്റംബർ 16 വരെ അവിടെ തുടരാൻ അനുവദിക്കാനുമാണ് കോടതി നിർദേശം.
പി.ടി.ഐ. വക്താവ് നഈം ഹൈദർ പൻജുതയാണ് ഇക്കാര്യം അറിയിച്ചത്. കോടതിയുത്തരവ് സ്വാഗതാർഹമാണെന്നും, ഇത് മുൻപേ വന്നിരുന്നെങ്കിൽ ഇമ്രാന്റെ കാഴ്ചശക്തിയും ആരോഗ്യവും ഇത്ര മോശമാകില്ലായിരുന്നെന്നും പി.ടി.ഐ. വക്താവ് സുൽഫിക്കർ ബുഖാരി പറഞ്ഞു. ഡോക്ടർ നിർദേശിക്കുംവരെ ഇമ്രാൻ ആശുപത്രിയിൽ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
2022-ൽ അധികാരത്തിൽനിന്ന് പുറത്തായതിനെത്തുടർന്ന് രാഷ്ട്രീയപ്രേരിതമായി ചുമത്തിയ കേസിലാണ് ഇമ്രാന് ശിക്ഷ ലഭിക്കുന്നത്. 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. കഴിഞ്ഞവർഷംമുതൽ ഇമ്രാന്റെ ആരോഗ്യത്തിൽ മക്കൾ ആശങ്കയറിയിച്ചിരുന്നു. വലതുകണ്ണിന് കാഴ്ച കുറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകരും വ്യക്തമാക്കിയിരുന്നു.
ഇമ്രാൻ ഇപ്പോൾ ജീവനോടെ ഉണ്ടായേക്കില്ലെന്ന് നേരത്തേ യു.എസിൽനിന്നുള്ള മാധ്യമപ്രവർത്തകനായ വജ്ഹാത് സയീദ് ഖാൻ ഒരഭിമുഖത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് മുതിർന്ന പാക് സൈനികോദ്യോഗസ്ഥർ ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഇത് വ്യക്തിപരമായി നേരിട്ട് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഓഗസ്റ്റ് 11-ന് ഇമ്രാനെ കാണാൻ ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.
ഔദ്യോഗികമായി ലഭിച്ച സമ്മാനങ്ങൾ വിറ്റ കേസും നിയമവിരുദ്ധ വിവാഹക്കേസും ഉൾപ്പെടെ നിരവധി കേസുകളിലാണ് ഇമ്രാനെ പ്രതിചേർത്തത്. ഇതിൽ ചില കേസുകളിലെ ശിക്ഷ തടയുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അപ്പീലുകൾ നിലനിൽക്കുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

