ട്രെയ്ലർ ബ്രേക്കിട്ടു, പിന്നിലിരുന്ന കമ്പി കാബിൻ തുളച്ചുകയറി നാലുപേർക്ക് പരിക്ക്

” കമ്പി കയറ്റി വന്ന ട്രെയ്ലർ അപകടത്തിൽ പെട്ടപ്പോൾ വരാപ്പുഴ: കമ്പി കയറ്റി വന്ന ട്രെയ്ലർ ബ്രേക്ക് ചവിട്ടിയപ്പോൾ കമ്പി കാബിനിലേക്ക് തുളച്ചുകയറി ഡ്രൈവറടക്കം നാലുപേർക്ക് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെ ദേശീയപാത 66-ൽ വരാപ്പുഴ ഗോപിക റീജൻസിക്ക് സമീപത്താണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാറിലിടിക്കാതിരിക്കാൻ ട്രെയ്ലർ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. ഈ സമയം കമ്പികൾ ശക്തിയോടെ വന്നിടിച്ചതിനെ തുടർന്ന് കാബിൻ ഭാഗം ചളുങ്ങുകയും ഏതാനും കമ്പികൾ തുളച്ച് മറുവശത്ത് എത്തുകയും ചെയ്തു. ഞെരുങ്ങിപ്പോയ നാലുപേരിൽ ചിലരുടെ ശരീരത്തിൽ കമ്പി കുത്തിക്കയറി. നാട്ടുകാരും പോലീസും ചേർന്ന് കാബിൻ പൊളിച്ച് പുറത്തെടുത്ത ഇവരെ ചേരാനല്ലൂർ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ തലയുടെ ഭാഗത്താണ് കമ്പി തുളച്ചുകയറിയത്. ദേശീയപാത നിർമാണത്തിനായി വള്ളുവള്ളി ഭാഗത്തേക്ക് കമ്പിയുമായി പോകുമ്പോഴാണ് അപകടമുണ്ടായത്. കരാറുകാരായ ഓറിയന്റൽ കൺസ്ട്രക്ഷന്റെ അതിഥി തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ട്രെയ്ലറിൽനിന്ന് കമ്പി റോഡിലേക്ക് ചിതറി വീഴുന്നതിനിടെ കാൽനട യാത്രികർക്കും നിസ്സാര പരിക്കേറ്റു. ഏലൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് ട്രെയ്ലറിൽനിന്ന് കമ്പി മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. റോഡിന്റെ മധ്യഭാഗത്തുണ്ടായ അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ”

