ഗുണ്ട പൊലീസുകാര്‍ക്കായി ജില്ലതല പരിശോധന; രഹസ്യാന്വേഷണ വിഭാഗം ശക്തമാക്കും

തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലതല പരിശോധന നടത്താന്‍ ഡി.ജി.പി അനില്‍ കാന്ത് ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണിത്. രഹസ്യാന്വേഷണവിഭാഗത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. തലസ്ഥാനത്ത് ഗുണ്ട-മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ഡിവൈ.എസ്.പിമാര്‍, മുന്‍ ഡിവൈ.എസ്.പി എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. രഹസ്യവിവരങ്ങള്‍ കൈമാറേണ്ട സ്പെഷല്‍ ബ്രാഞ്ചിലെ ഉന്നതന്‍ ഗുണ്ടാസംഘങ്ങളുടെ ഒത്തുചേരലില്‍ പങ്കെടുത്തെന്ന ആരോപണം പ്രത്യേകം അന്വേഷിക്കും. ഇന്‍റലിജന്‍സ് മേധാവിയുടെ നിര്‍ദേശാനുസരണം സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഗുണ്ട-മാഫിയ ബന്ധമുള്ള എസ്.എച്ച്.ഒമാരുടെയും ഡിവൈ.എസ്.പിമാരുടെയും റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട്. ഇതു പരിശോധിച്ചശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. കളങ്കിതരായ എസ്.ഐമാരുടെയും പൊലീസുകാരുടെയും റിപ്പോര്‍ട്ട് തയാറാക്കാന്‍ ജില്ല പൊലീസ് മേധാവികളോടും ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാരോടും നിര്‍ദേശിച്ചു. പല ജില്ലകളിലും പൊലീസുകാരും മാഫിയ സംഘങ്ങളും തമ്മിലെ അവിശുദ്ധ ബന്ധം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തലുണ്ട്. അതിനെതുടര്‍ന്നാണ് ജില്ല പൊലീസ് മേധാവിമാരുടെയും സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിമാരുടെയും യോഗം വൈകാതെ വിളിക്കാന്‍ തീരുമാനിച്ചത്. മൂന്ന് സി.ഐ.മാരെ ഉടന്‍ പിരിച്ചുവിട്ടേക്കും തിരുവനന്തപുരം: പിരിച്ചുവിടാനുള്ള ക്രിമിനല്‍ പൊലീസുകാരുടെ അടുത്ത പട്ടികയില്‍ മൂന്നു സി.ഐ.മാര്‍ അടക്കം നാലുപേര്‍. പീഡനക്കേസുകളില്‍ പ്രതികളായ സി.ഐമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് പൊലീസ് ആസ്ഥാനത്ത് തയാറാക്കിയത്. ഇവര്‍ക്ക് ഉടന്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. പോക്സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് സസ്പെന്‍ഷനിലുള്ള അയിരൂര്‍ മുന്‍ എസ്.എച്ച്.ഒ ജയസനില്‍, രണ്ടു പീഡനക്കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ എ.വി. സൈജു ഉള്‍പ്പെടെ മൂന്ന് സി.ഐമാരും മാങ്ങ മോഷണത്തിന് സസ്പെന്‍ഷനിലായ സിവില്‍ പൊലീസ് ഓഫിസറും ഈ പട്ടികയിലുണ്ട്. പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന്‍ വിഭാഗം ഇവര്‍ക്കെതിരായ കേസുകളുടെയും വകുപ്പുതല നടപടികളുടെയും വിവരം ശേഖരിക്കുകയാണ്. കേരള പൊലീസ് ചട്ടത്തിലെ 86ാം വകുപ്പുപ്രകാരം തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നവര്‍ സേനയില്‍ തുടരാന്‍ അര്‍ഹരല്ല. അതിന്‍റെ അടിസ്ഥാനത്തിലാണ് പി.ആര്‍. സുനുവിനെ പിരിച്ചുവിട്ടത്.

