KSDLIVENEWS

Real news for everyone

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; മൂന്നു ഫോര്‍മാറ്റിലും രോഹിത് ക്യാപ്റ്റന്‍\

SHARE THIS ON

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടി. ട്വന്റി-20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി രോഹിത് ശർമയെ നിയമിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇതോടെ മൂന്ന് ഫോർമാറ്റിലും രോഹിത് ഇന്ത്യയുടെ നായകനായി. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകൻ. ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 18 അംഗ ടീമുകളെ പ്രഖ്യാപിച്ചത്.


മുൻ ക്യാപ്റ്റൻ വിരാട് കോലിക്കും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ട്വന്റി-20യിൽ വിശ്രമം അനുവദിച്ചു. ഋഷഭിന് പകരം ഇഷാൻ കിഷനാണ് ട്വന്റി-20യിൽ വിക്കറ്റ് കീപ്പറാകുക. പരിക്കേറ്റ് പുറത്തായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ട്വന്റി-20 ടീമിൽ തിരിച്ചെത്തി.

ടെസ്റ്റ് ടീമിൽ നിന്ന് ഫോമിലല്ലാത്ത വെറ്ററൻ താരങ്ങളായ അജിങ്ക്യ രഹാനയേയും ചേതേശ്വർ പൂജാരയേയും ഒഴിവാക്കി. പരിക്കിന്റെ പിടിയിലായ കെഎൽ രാഹുലും വാഷിങ്ടൺ സുന്ദറും പരമ്പരയിൽ കളിക്കില്ല.


ടെസ്റ്റ് ടീമിൽ പുതുമുഖമായ സൗരഭ് കുമാറും സ്ഥാനം കണ്ടെത്തി. 2019-2020 രഞ്ജി ട്രോഫി സീസണിൽ 28-കാരൻ 44 വിക്കറ്റ് വീഴ്ത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു സൗരഭ്. സ്പിൻ ബൗളർ കുൽദീപ് യാദവ് ഇരുടീമിലും ഇടം കണ്ടെത്തി. ആന്ധ്രാ പ്രദേശിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎസ് ഭരത് ടെസ്റ്റ് ടീമിലുണ്ട്.

ഫെബ്രുവരി 24-നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി-20 പരമ്പരയാണ് ആദ്യം നടക്കുക. അതിശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഫെബ്രുവരി 24, 26, 27 തിയ്യതികളിലാണ് ട്വന്റി-20 മത്സരങ്ങൾ. ആദ്യ ടെസ്റ്റ് മാർച്ച് നാലിനും രണ്ടാം ടെസ്റ്റ് മാർച്ച് 12നും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!