KSDLIVENEWS

Real news for everyone

നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്, വിപുലമായ സജ്ജീകരണങ്ങൾ; ശുഭപ്രതീക്ഷയിൽ മുന്നണികൾ

SHARE THIS ON

നിലമ്പൂർ: ഒരുവർഷത്തിനകം സംസ്ഥാനത്ത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ മുന്നണികളുടെ രാഷ്ട്രീയ ബലാബല പരിശോധനയായി വിലയിരുത്തപ്പെടുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന വോട്ടെടുപ്പിനായി വിപുലമായ സജ്ജീകരണങ്ങളാണ് മണ്ഡലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി.വി.അൻവർ സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. 2021 ലെ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവർ കോൺഗ്രസിന്റെ വി.വി.പ്രകാശിനെ തോൽപ്പിച്ചത്.

വിവിധ വിഷയങ്ങളുയർത്തി ഭരണ, പ്രതിപക്ഷ നേതാക്കൾ കൊമ്പുകോർത്ത പ്രചാരണ മാമാങ്കത്തിനു ശേഷമാണ് ഇന്ന് മണ്ഡലം വിധിയെഴുതുന്നത്. യുഡിഎഫ്–എൽഡിഎഫ്–എൻഡിഎ മുന്നണികൾക്കൊപ്പം സ്വതന്ത്രനായി പി.വി.അൻവറിന്റെ രംഗപ്രവേശത്തോടെയാണ് മണ്ഡലത്തിലെ പോരാട്ടം വീറുറ്റതായത്. മൂന്നാംവട്ടവും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ സർക്കാരിനും നിലമ്പൂരിലെ വിധിയെഴുത്ത് നിർണായകം. ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദമുയർത്തിയ പ്രതിപക്ഷത്തിന്റെ നിലപാട് ഉറപ്പിക്കാൻ മണ്ഡലം പിടിച്ചെടുക്കേണ്ട ബാധ്യതയാണ് യുഡിഎഫിന്റേത്. വികസനമുദ്രാവാക്യത്തിന് എത്രവോട്ടെന്ന കണക്കെടുപ്പിലാണ് എൻഡിഎ. മുകൾതട്ടിൽ പ്രതിഫലിക്കാത്ത അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് പി.വി.അൻവർ ക്യാംപ്.

കൈപ്പത്തി അടയാളത്തിൽ ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം.സ്വരാജ് (എൽഡിഎഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ കത്രിക അടയാളത്തിൽ പി.വി.അൻവർ മത്സരിക്കുമ്പോൾ എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും രംഗത്തുണ്ട്. ഇവർ ഉൾപ്പെടെ പത്തു സ്ഥാനാർഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!