കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കാനുള്ള ബജറ്റ് – മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം വ്യക്തമാണെന്നും അത് പക്ഷേ വെല്ലുവിളികൾ നേരിടുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. 35,000 കോടി രൂപയുടെ പ്ലാനിൽ 20,500 കോടി രൂപയുടെ കുറവുണ്ട്. മുൻപൊരു ഗവൺമെന്റും നേരിടാത്ത വിധത്തിലുള്ള ധനപരമായ വെല്ലുവിളികളും സാമ്പത്തിക പ്രയാസങ്ങളും ഈ ഗവൺമെന്റ് നേരിടുന്നുവെന്നും തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രികൂടിയായ സതീശൻ പറഞ്ഞു.
ഒരു രൂപയുടെ പോലും നികുതി വർദ്ധിപ്പിക്കാതെ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക, അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഖജനാവ് നിറയ്ക്കുക എന്നിവയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഖജനാവിൽ എത്തുന്ന പണം ഉപയോഗിച്ച് സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം നടത്തുകയും സാധാരണക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തുക എന്നതുമാണ് ഇതിന്റെ വിശാലമായ ലക്ഷ്യം.
കേരളത്തിൽ യുവാക്കളുടെ എണ്ണം കുറയുകയും ആയുർദൈർഘ്യം കൂടുന്നതനുസരിച്ച് പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന അസാധാരണമായ മാറ്റം സംഭവിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായ പഠനം ആവശ്യമാണ്. യുവാക്കളെ കേരളത്തിൽ തന്നെ നിലനിർത്താൻ അവർക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും ഇവിടെത്തന്നെ ലഭ്യമാക്കും. അവർക്കായി ഇവിടെത്തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേരളത്തെ മുന്നോട്ട് നയിക്കും.
കേരളത്തെ മൊത്തത്തിൽ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്ര. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഏവിയേഷൻ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികൾ ബജറ്റിലുണ്ട്. ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കാൻ വലിയ പദ്ധതികൾ മുന്നോട്ടുവെക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്കായി ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കും. ലോകം ആവശ്യപ്പെടുന്ന പുതിയ കോഴ്സുകൾക്കായി കരിക്കുലത്തിൽ മാറ്റം വരുത്തും. കേരള നോളജ് വാലി, ലെഗസി സർവ്വകലാശാലകൾ എന്നിവ വഴി കേരളത്തിലെ കുട്ടികൾ പുറത്തേക്ക് പോകുന്നത് തടയുകയും പുറത്തുനിന്നുള്ള കുട്ടികൾക്ക് ഇവിടെ പഠിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതുരംഗത്തും ഗവേഷണത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും.
ആരോഗ്യ കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും തിരിച്ചുപിടിക്കുന്നതിനുമുള്ള പദ്ധതികൾ ബജറ്റിലുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ചികിത്സക്കായി എത്തുന്ന ഒരു പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുറത്തുനിന്നുള്ള ആളുകൾ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള പരിപാടികളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

