ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തി താലിബാന്‍

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിർത്തി താലിബാൻ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) ഡയറക്ടർ ജനറൽ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്.
‘അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാൻ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. ഫലത്തിൽ ഇറക്കുമതി നിലച്ചിരിക്കുകയാണ്’ – അജയ് സഹായ് പറഞ്ഞു.
ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീർഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. 2021-ൽ അഫ്ഗാനിലേക്കുള്ള നമ്മുടെ കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി.
കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനിൽ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യൺ ഡോളർ വരും അത്. 400-ഓളം പദ്ധതികളുമുണ്ട്. അവയിൽ ചിലത് ഇപ്പോഴും നടക്കുന്നുണ്ടെന്നും അജയ് സഹായ് പറഞ്ഞു.
ചില ചരക്കുകൾ അന്താരാഷ്ട്ര നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിലൂടെയാണ് കയറ്റുമതി ചെയ്യുന്നത്. അത് ഇപ്പോഴും നല്ലനിലയിൽ നടക്കുന്നുണ്ട്. ദുബായ് റൂട്ടിലൂടെയുള്ള ചില ചരക്കുകളുടെ കൈമാറ്റവും നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചസാര, മരുന്നുകൾ, തുണിത്തരങ്ങൾ, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, പ്രസരണ ടവറുകൾ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റി അയക്കുന്നത്. ഉണക്ക പഴങ്ങളും ഉള്ളിയടക്കമുള്ളവയുമാണ് ഇറക്കുമതി ചെയ്യുന്നതെന്നും എഫ്.ഐ.ഇ.ഒ ഡയറക്ടർ ജനറൽ പറഞ്ഞു

