KSDLIVENEWS

Real news for everyone

അനധികൃത മണൽക്കടത്ത്: കുമ്പളയിലും മൊഗ്രാലിലും കടവുകളും തോണികളും തകർത്ത് പോലീസ്

SHARE THIS ON

കുമ്പള : അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കുമ്പളയിലെയും പരിസരപ്രദേശങ്ങളിലെയും അനധികൃത കടവുകളും മണൽക്കടത്ത്‌ തോണികളും തകർത്തു. മണൽ കടത്താൻ ഉപയോഗിച്ച ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

മൊഗ്രാൽ കെ.കെ. പുറത്തെ അനധികൃത കടവ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്ത്, ലോറിയിൽ കയറ്റുന്നതിനായി കൂട്ടിയിട്ടിരുന്ന മണൽ പുഴയിൽ തള്ളി.

ബന്തിയോടിനടുത്ത് മീപ്പിരിയിൽ മണൽക്കടത്ത്‌ ലോറിയും മണ്ണുമാന്തിയന്ത്രവും കസ്റ്റഡിയിലെടുത്തു. കിദൂരിലും അനധികൃതമായി മണൽ കടത്തുന്നതിനുപയോഗിച്ച ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ടൽക്കാടുകളിൽ ഒളിപ്പിച്ച് തോണികൾ

മൊഗ്രാൽ കെ.കെ. പുറത്ത് കണ്ടൽക്കാടുകളിൽ ഒളിപ്പിച്ചനിലയിലാണ് തോണികൾ കണ്ടെത്തിയത്. പോലീസുകാരുടെ ശ്രദ്ധയിൽപ്പെടാത്തരീതിയിൽ മണൽക്കടത്തുകാർ തോണി ഒളിപ്പിക്കുകയും ആവശ്യത്തിനുമാത്രം ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. തോണികൾ പുഴയിൽ മുക്കിവെക്കുന്ന രീതിയുമുണ്ട്. പോലീസ് പരിശോധനയിൽ അനധികൃത കടവുകൾ കണ്ടെത്തി നശിപ്പിച്ചാൽ മറ്റൊരിടത്ത് വേറൊരുകടവ് സ്ഥാപിക്കും. ഇതിനായി വ്യക്തികളുടെ പറമ്പുകളിലൂടെ പുതിയ റോഡുകളുണ്ടാക്കുന്നതും കുമ്പളയിൽ പതിവാണ്.

വരുംദിവസങ്ങളിൽ മണൽക്കടത്തിനെതിരേ നടപടി ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. കുമ്പള എസ്.ഐ. കെ.പി. ഗണേശൻ, എ.എസ്.ഐ. അതുൽറാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

error: Content is protected !!