ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു; കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മാക്രോണ്‍, കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി ട്രംപ്

പാരീസ്: ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു. ഇറ്റലി, അല്‍ബേനിയ, ബല്‍ജിയം, പോർച്ചുഗല്‍ എന്നിവിടങ്ങളിലും സർക്കാർ വിരുദ്ധറാലികള്‍.
ഇറ്റലിയിലെ മിലാനില്‍ വ്യാപക സംഘർഷം ഉണ്ടായി. ആക്രമണം അഴിച്ചുവിടുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്കി. ആക്രമണത്തിന് പിന്നില്‍ കുടിയേറ്റക്കാരാണെന്ന ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തി. കുടിയേറ്റക്കാർ ഫ്രാൻസിനെയും യൂറോപ്പിനെയും തകർക്കുകയാണെന്നാണ് ട്രംപിൻ്റെ പ്രതികരണം.
ജീവിതച്ചെലവുകളുടെയും അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതിന്റെയും പേരില്‍ ഫ്രാൻസില്‍ ആളിക്കത്തുന്ന പ്രതിഷേധം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടരുകയാണ്. ഇന്നലെ ഇറ്റലി, അല്‍ബേനിയ, ബല്‍ജിയം, പോർച്ചുഗല്‍ എന്നീ രാജ്യങ്ങളിലും സർക്കാർ വിരുദ്ധറാലികള്‍ നടന്നു.
ഇറ്റലിയിലെ മിലാനില്‍ വർധിച്ചുവരുന്ന നിത്യച്ചെലവുകള്ക്കെതിരെയും കുറഞ്ഞ വേതനത്തിനെതിരെയും ഇറ്റാലിയ ഇൻ പിയാസ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സമാധാനപരമായ മാർച്ചാണ് ഒടുവില്‍ അക്രമാസക്തമായത്. മുഖംമൂടി ധരിച്ച പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിയുകയും ബാരിക്കേഡുകള്‍ക്ക് തീയിടുകയും ചെയ്തു. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. നിരവധി പ്രായപൂർത്തിയാകാത്തവർ ഉള്‍പ്പെടെ അമ്പതോളം പേരെ പൊലീസ് തടങ്കലിലാക്കി.
പോർച്ചുഗലിലെ ലിസ്ബണില്‍ ഭവന ലഭ്യതക്കുറവിനും കുറഞ്ഞ ശമ്പളത്തിനുമെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. റോസിയോ സ്ക്വയറില്‍ പ്രതിഷേധക്കാർ തമ്പടിച്ച് ടെന്റുകള്‍ സ്ഥാപിച്ച് സമരം ചെയ്യുകയാണ്. നികുതി അടയ്ക്കുന്ന സാധാരണക്കാർക്ക് സ്വന്തമായി ഒരു വീട് എന്ന അവകാശം പോലും ഇല്ലാതാകുകയാണെന്ന് സമരക്കാർ ആരോപിക്കുന്നു. മെച്ചപ്പെട്ട ശമ്പളവും പെൻഷനും കുറഞ്ഞ വാടകയുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. ബെല്‍ജിയം സർക്കാർ പൊതുകടം കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന ബജറ്റ് വെട്ടിച്ചുറയ്ക്കലുകള്ക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്കുമെതിരെ തൊഴിലാളി യൂണിയനുകളും വിദ്യാർത്ഥികളുമാണ് രംഗത്തിറങ്ങിയിരിക്കുന്നത്. അല്‍ബേനിയയില്‍ സർവകലാശാലകളിലെ മോശം സാഹചര്യങ്ങള്‍, ഉയർന്ന പഠനച്ചെലവ്, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ വിദ്യാർത്ഥികള്‍ ആരംഭിച്ച സമരം ഇപ്പോള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന വലിയൊരു ഭരണവിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.
ഫ്രാൻസില്‍ ചരിത്രസ്മാരകങ്ങള്‍ അടക്കം സമരക്കാർ തീയിട്ട് നശിപ്പിക്കുകയും കൂട്ടക്കൊള്ളയും അക്രമവും അഴിച്ചുവിടുകയും ചെയ്യുമ്പോള്‍, ശക്തമായ നടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പ്രസിഡൻ്റ് ഇമ്മാനുവല്‍ മക്രോണ്‍. യുദ്ധത്തിന് പിന്നാലെ കുതിച്ചുയരുന്ന ഇന്ധനവിലയും ജീവിതച്ചെലവും ഈ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ടാകാം എന്നാണ് അക്രമം തുടങ്ങിയ ശേഷം ആദ്യമായി നടത്തിയ ടെലിവിഷൻ അഭിസംബോധനയില്‍ മക്രോണ്‍ പറഞ്ഞത്. അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും എന്നാല്‍ സമാധാനപരമായി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും മക്രോണ്‍ പറഞ്ഞു.
ഫ്രാൻസില്‍ കഴിഞ്ഞ ദിവസം ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധങ്ങളില്‍ കടകള്‍ കൊള്ളയടിക്കപ്പെടുകയും പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ലിമോഗ്സിലെ 143 വർഷം പഴക്കമുള്ള ഒരു ചരിത്രസ്മാരകം തീവെച്ചു നശിപ്പിച്ചു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഫ്രാൻസിലുടനീളം 1,800ലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. പാരീസില്‍ മാത്രം 855 പേർ കസ്റ്റഡിയിലായി. അതിനിടെ, കുടിയേറ്റക്കാർ ഫ്രാൻസിനെയും യൂറോപ്പിനെയും തകർക്കുകയാണെന്നും ഇത് അമേരിക്കയില്‍ സംഭവിക്കാതിരിക്കാൻ അതിർത്തികള്‍ അടച്ചുപൂട്ടണം എന്നുമാണ് ട്രംപിൻ്റെ പ്രതികരണം.

