ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: മാനേജർ സൈനുൽ ആബിദിനെ റിമാൻഡ് ചെയ്തു

കാസർഗോഡ് • ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പ് കേസിൽ വ്യാഴാഴ്ച പോലീസിൽ കീഴടങ്ങിയ കമ്പനി ജനറൽ മാനേജർ ചന്തേര മണിയാട്ടെ സൈനുൽ ആബിദിനെ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തട്ടിപ്പിന്റെ എല്ലാ ഉത്തരവാദിത്വവും മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾക്കും മകൻ എൻ.പി. ഹിഷാമിനുമാണെന്നും ഇവരാണ് കമ്പനി കൈകാര്യം ചെയ്തതെന്നും സൈനുൽ ആബിദിൻ പോലീസിന് മൊഴി നൽകി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് സൈനുൽ ആബിദിൻ കാസർകോട് എസ്.പി. ഓഫീസിലെത്തി കീഴടങ്ങിയത്.
കേസിലെ മുഖ്യപ്രതികളായ പൂക്കോയതങ്ങളും മകൻ ഹിഷാമും ഇപ്പോഴും ഒളിവിലാണ്. അതേസമയം കേസിൽ റിമാൻഡിലായ എം.സി. ഖമറുദ്ദീൻ എം.എൽ.എ.യുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു

