ദേശീയ പാതയുടെ സമീപത്ത് കേരളത്തിലെ ആദ്യത്തെ സൗന്ദര്യമലയാകാൻ വീരമല;പച്ചവിരിക്കാൻ രാമച്ചം; ചെലവ് 10 കോടി രൂപ

ചെറുവത്തൂർ: പച്ചവിരിക്കാൻ രാമച്ചം, മലയിൽനിന്ന് കുതിക്കുന്ന വെള്ളം വെള്ളച്ചാട്ടമാക്കി മാറ്റും. വീരമല സംരക്ഷണഭിത്തി ദേശീയ പാതയുടെ സമീപത്ത് കേരളത്തിലെ ആദ്യത്തെ സൗന്ദര്യമലയാക്കി മാറ്റും. കഴിഞ്ഞ കാലവർഷത്തിൽ ദേശീയ പാതയിലൂടെ കടന്നുപോകുന്നവരുടെ മനസ്സിൽ ഭീതി പരത്തിയ മയിച്ചയിലെ വീരമലയുടെ മുഖംമാറാൻ ഇനി ഒരുമാസം കൂടി കാത്തിരുന്നാൽ മതി. മലയെ തട്ടുകളാക്കി ഭൂവസ്ത്രം അണിയിച്ച് പച്ചവിരിക്കാനുള്ള പ്രവൃത്തി ദ്രുതഗതിയിൽ നടക്കുകയാണ്.
10 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. 8 മീറ്റർ നീളത്തിലും 6 മീറ്റർ വീതിയിലും ഉള്ള തട്ടുകളാക്കി മലയെ മാറ്റുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. മലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ മൂന്ന് മുതൽ നാല് തട്ടുകൾ വരെ നിർമിക്കും. ഇതിന്റെ നടപടികൾ ദ്രുതഗതിയിൽ നടക്കുകയാണ്. തട്ടുകളാക്കി മാറ്റുന്ന മലയിൽ വല വിരിച്ച കമ്പിയിട്ട് സ്ക്രു ചെയ്ത് ഉറപ്പിക്കുകയാണ്.
ഇതിന് മുകളിലേക്ക് മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന രാമച്ചംപോലുള്ള ചെടികൾ നട്ടുപിടിപ്പിക്കുകയാണ്. മൂന്ന് വർഷത്തിനുള്ളിൽ 7 മീറ്റർ ആഴത്തിലേക്കുവരെ ആഴ്ന്നിറങ്ങുന്ന വേരുകളാണ് രാമച്ചത്തിന്റേത്. അതുകൊണ്ടുതന്നെ പൂർണമായും രാമച്ചം വച്ചുപിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. ഇത് മലയിലെ മണ്ണിടിച്ചിൽ തടയുന്നതിന് സഹായിക്കും. ഇതിന് പുറമേ മലയുടെ വിവിധ ഭാഗങ്ങളിൽ മഴ കനത്തിൽ പെയ്താൽ വലിയ തോതിൽ വെള്ളം താഴേക്ക് പതിക്കുന്ന അവസ്ഥ ഉണ്ട്.
മലയുടെ അടിവാരത്തുള്ള ദേശീയ പാതയിലൂടെ കടന്നുപോകുന്ന വാഹന യാത്രക്കാർക്ക് ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ മലയിൽ നിന്ന് കുതിച്ച് വരുന്ന വെള്ളം അതിന്റെ ശക്തമായ ഒഴുക്ക് കുറയ്ക്കുന്നതിന് വേണ്ടി വെള്ളം കുതിച്ച് എത്തുന്ന ഭാഗത്ത് പടികൾ നിർമിക്കും. ഇത്തരത്തിൽ പടികൾ നിർമിച്ചാൽ വെളളം ഒഴുക്കിന്റെ കാഴ്ച മനോഹരമാകും. ഇത്തരത്തിൽ വൈവിധ്യങ്ങളായ സുരക്ഷയാണ് വീരമലയിൽ നടപ്പിലാക്കുന്നത്. കേരളത്തിൽ ദേശീയപാതയോരത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് കമ്പനി അധികൃതർ പറയുന്നു.

