KSDLIVENEWS

Real news for everyone

മുളിയാർ സിഎച്ച്സിയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം അടച്ചുപൂട്ടി

SHARE THIS ON

ബോവിക്കാനം ∙ രണ്ടു മാസം മുൻപ് മുളിയാർ സിഎച്ച്സിയിൽ തുടങ്ങിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം (സിഎഫ്എൽടിസി) അടച്ചുപൂട്ടി. ബ്ലോക്ക് പഞ്ചായത്തിന്റെ സൗജന്യ ആംബുലൻസ് സേവനവും അവസാനിപ്പിച്ചു. ചികിത്സയിലുണ്ടായിരുന്ന 16 രോഗികളിൽ 3 പേരെ ഉക്കിനടുക്ക മെഡിക്കൽ കോളജിലേക്കും 5 പേരെ പഞ്ചായത്ത് ഡിസിസിയിലേക്കും മാറ്റി. ബാക്കിയുള്ളവരെ നിർബന്ധിച്ച് വീടുകളിലേക്കും അയച്ചു. ആശുപത്രി അധികൃതരുടെ നിസ്സഹകരണമാണ് ആയിരക്കണക്കിനു രോഗികൾക്ക് ആശ്വാസമായിരുന്ന സേവനങ്ങൾ നഷ്ടപ്പെടാൻ കാരണമെന്നാണ് ആരോപണം. ഐസിയു സൗകര്യത്തോടെയുള്ള ആംബുലൻസിന്റെ വാടകയും താൽക്കാലിക ജീവനക്കാർക്ക് ശമ്പളവും ‌ഇതുവരെ കൊടുത്തിട്ടില്ല. ശമ്പളം നൽകാൻ ബ്ലോക്ക് പഞ്ചായത്ത് പണം അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആശുപത്രി അധികൃതർ കൊടുക്കാൻ തയാറാകാത്തതാണ് പ്രശ്നങ്ങൾക്കു കാരണം. കോവിഡ് പ്രതിരോധവുമായി സഹകരിക്കാത്ത മെഡിക്കൽ ഓഫിസറെയും ഒരു ഹെൽത്ത് ഇൻസ്പെക്ടറെയും സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ദിവസങ്ങൾക്കു മുൻപു ചേർന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി പ്രമേയം പാസാക്കി മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സിഎഫ്എൽടിസി പൂട്ടിയത്. സർക്കാർ തീരുമാനപ്രകാരം കഴിഞ്ഞ മേയ് 20 നാണ് മുളിയാർ സിഎച്ച്സിയിൽ സിഎഫ്എൽടിസി തുടങ്ങിയത്. 4 ഡോക്ടർമാരും 3 സ്റ്റാഫ് നഴ്സുമാരെയും ഡിഎംഒ നിയമിച്ചു. ശുചീകരണത്തിനുള്ള 8 താൽക്കാലിക ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് ഇന്റർവ്യു നടത്തി നിയമിച്ചു. 30 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെയുണ്ടായിരുന്നത്. 30 കിടക്കകളും 10 ഓക്സിജൻ സിലിണ്ടറുമുണ്ട്. 50 പൾസ് ഓക്സിമീറ്ററും പിന്നീട് ബ്ലോക്ക് പഞ്ചായത്ത് നൽകി. ആംബുലൻസ് ഇല്ലാത്തതിനാൽ ബ്ലോക്ക് പഞ്ചായത്ത് തന്നെ ഐസിയു സൗകര്യത്തോടെയുള്ള ആംബുലൻസും ഏർപ്പെടുത്തി. ഇതിനകം നാലായിരത്തോളം കിലോമീറ്ററാണ് സൗജന്യമായി ഇത് ഓടിയത്. നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് ജീവനക്കാർക്ക് ശമ്പളം നൽകാത്ത പ്രശ്നം ഉടലെടുത്തത്. ഒരു മാസം തികഞ്ഞപ്പോൾ തന്നെ ബ്ലോക്ക് പഞ്ചായത്ത് പണം അനുവദിച്ചെങ്കിലും ശമ്പള ബിൽ എഴുതാൻ പോലും ആശുപത്രി അധികൃതർ തയാറായില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യുവിന്റെ അധ്യക്ഷതയിൽ ജീവനക്കാരുടെ യോഗം ചേർന്ന് കഴിഞ്ഞ 10 നു മുൻപായി ശമ്പളം നൽകാൻ തീരുമാനിച്ചെങ്കിലും ഇതിനു പകരമായി 20 പേജുള്ള കത്തു നൽകുകയാണ് മെഡിക്കൽ ഓഫിസർ ഡോ.കെ. ഈശ്വരനായിക് ചെയ്തത്. ശമ്പള ബില്ലിൽ ഒപ്പിടാനാവില്ലെന്നും ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം തിരുത്തണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കുകയായിരുന്നു. ഇവരെ മാറ്റാതെ ഇനി ആശുപത്രിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് ബ്ലോക്ക് പഞ്ചായത്ത്. ചികിത്സാ രംഗത്ത് ഏറെ പിന്നാക്കമുള്ള കാറഡുക്ക ബ്ലോക്കിലെ ബെള്ളൂർ, കുംബഡാജെ, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ ആയിരക്കണക്കിനു രോഗികൾക്ക് ലഭിച്ചിരുന്ന സൗകര്യങ്ങളാണ് ഇതുമൂലം ഇല്ലാതാകുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും ബ്ലോക്ക് പഞ്ചായത്ത് നല്‍കിയിരുന്നു. ബേഡകം താലൂക്ക് ആശുപത്രിയില്‍ ഇതു നല്ല രീതിയില്‍ ഉപയോഗിക്കുമ്പോള്‍ മുളിയാര്‍ സിഎച്ച്സിയില്‍ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവാദിത്തം നിര്‍വഹിക്കാത്തതിനാല്‍ എല്ലാം താളം തെറ്റി. നിയമിച്ച ജീവനക്കാര്‍ക്കു രണ്ടു മാസമായി ശമ്പളം നല്‍കാന്‍ തയാറാകുന്നില്ല. ഇതു കൊടുക്കുന്നതിനു പകരം ഭരണസമിതി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് ചട്ടവിരുദ്ധമായ കത്തു നല്‍കുകയാണ് മെഡിക്കല്‍ ഓഫിസര്‍ ചെയ്തത്. ഇദ്ദേഹത്തെ വച്ച് പാവപ്പെട്ട രോഗികള്‍ക്കു നീതി ലഭിക്കില്ല. അതുകൊണ്ട് മെഡിക്കല്‍ ഓഫിസറെയും ഒരു എച്ച്ഐയെയും മാറ്റാതെ ആശുപത്രിയുമായി സഹകരിക്കില്ല. സിജി മാത്യു കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുളിയാര്‍ സിഎച്ച്സി സമ്പൂര്‍ണ പരാജയമാണ്. ആശുപത്രിക്കെതിരെ നിരവധി പരാതികളുയര്‍ന്നിട്ടും ഡിഎംഒ തലത്തില്‍ അന്വേഷിക്കാന്‍ പോലും തയാറാകുന്നില്ല. സിഎഫ്എല്‍ടിസിയിലെ രോഗികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) അമ്പതിനായിരം രൂപ സമാഹരിച്ചിരുന്നു. ഇത് ഇതുവരെ ആശുപത്രി അധികൃതര്‍ വാങ്ങിയിട്ടില്ല. ആശുപത്രിയെ നിയന്ത്രിക്കുന്നതില്‍ ബ്ലോക്ക് പഞ്ചായത്തിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് സിഎഫ്എല്‍ടിസിയും ആംബുലന്‍സ് സൗകര്യവും പുനരാരംഭിക്കണം. കെ.ബി.മുഹമ്മദ് കുഞ്ഞി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, എച്ച്എംസി അംഗം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!