ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കൊവിഡ് പരിശോധന ആവശ്യമില്ലെന്ന് ഫ്ളൈ ദുബൈ; വേണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ദുബൈ | യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്ര സംബന്ധിച്ചും അവ്യക്തതകൾ. യാത്രക്ക് മുമ്പ് കൊവിഡ് പരിശോധന ആവശ്യമില്ലെന്നു ഫ്ളൈ ദുബൈ വിമാനക്കമ്പനി അറിയിച്ചു. സർട്ടിഫിക്കറ്റ് വേണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്.
അതേസമയം കൊവിഡ് ഇല്ലാ സാക്ഷ്യപത്രം നിർബന്ധമില്ലെങ്കിലും പരിശോധന നടത്തുന്നതായിരിക്കും ഉചിതമെന്നു ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരി വ്യക്തമാക്കി.
കൊവിഡ് -19 കണ്ടെത്തുന്നതിനുള്ള പ്രീ-ട്രാവൽ റാപിഡ് ഐ ജി ജി/ഐ ജി എം പരിശോധന ഇന്ത്യയിലെ ഒരു ലക്ഷ്യസ്ഥാനത്തേക്കും നിർബന്ധമല്ലെന്ന് ഫ്ളൈ ദുബൈ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വന്നു. ട്രാവൽ ഏജൻസികൾക്ക് ഇക്കാര്യത്തിൽ സർക്കുലർ അയക്കുകയും ചെയ്തു.
ദുബൈയിൽ ദ്രുത പരിശോധന ടെർമിനലിൽ നിന്ന് അൽ മുല്ല പ്ലാസക്ക് സമീപം ശബാബ് അൽ അഹ്്ലി ഫുട്‌ബോൾ ക്ലബ്ബിലേക്ക് മാറ്റിയിരുന്നു. ഇതേത്തുടർന്ന് ക്ലബിന് പുറത്ത് കനത്ത തിരക്കായിരുന്നു. ദുബൈ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും സൗജന്യ പരിശോധനയായിരുന്നു ഇവിടെ. പ്രധാനമായും ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് എത്തിയിരുന്നത്.
ഇന്നുമുതൽ വിമാന ടിക്കറ്റ് ഉള്ളവർ മാസ്‌ക് ധരിച്ച് വിമാനത്താവളത്തിൽ എത്തിയാൽ മതി. ദേര ടൂർസ് ആൻഡ് ട്രാവൽസ് ജനറൽ മാനേജർ ടിപി സുധീഷ് പറഞ്ഞു. അറിയിപ്പ് ലഭിച്ചത് ഫ്‌ളൈ ദുബൈയിൽ നിന്ന് മാത്രമാണ്. മറ്റ് വിമാനക്കമ്പനികളൊന്നും സമാനമായ പ്രഖ്യാപനം നടത്തിയിട്ടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
എയർ ഇന്ത്യ എക്‌സ്പ്രസ്
അതേസമയം, ദുബൈയിൽ നിന്നായാലും കൊവിഡ് ഇല്ലാ സാക്ഷ്യപത്രം നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. 12 വയസിന് താഴെയുള്ള കുട്ടികളെയും ഗുരുതരമായ അംഗവൈകല്യം ബാധിച്ചവരെയും ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം, എയർ സുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
www.newdelhiairport.in/airsuvidha/apho-registration
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർ കൊവിഡ് ഇല്ലാ സാക്ഷ്യപത്രവുമായി നാട്ടിലെത്തിയാൽ പണമടച്ചുള്ള ക്വാറന്റൈൻ ഒഴിവായിക്കിട്ടുമെന്നു ഏതാനും ദിവസം മുമ്പ് ഇന്ത്യൻ അധികൃതർ അറിയിച്ചിരുന്നു.
ഇതുപ്രകാരം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിൽ അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർക്ക് കൊവിഡ് ഇല്ലാ സാക്ഷ്യപത്രം നിർബന്ധമാക്കി. യാത്രക്ക് 96 മണിക്കൂറിനിടയിലാണ് പരിശോധന നടത്തേണ്ടത്.