KSDLIVENEWS

Real news for everyone

മന്ത്രി പി. രാജീവിന്റെ റൂട്ട് മാറ്റിയതിന് സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു

SHARE THIS ON

തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ റൂട്ട് മാറ്റിയതിന് സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. കണ്‍ട്രോള്‍ റൂം എസ്.ഐ സാബു രാജന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവിനെതിരെ മന്ത്രിയും പൊലീസ് സംഘടനകളും രംഗത്തുവന്നിരുന്നു.

തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ്.ഐയെയും ഒരു പൊലീസുകാരനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. പള്ളിച്ചല്‍ മുതല്‍ വെട്ട്‌റോഡ് വരെ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ ജീപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ എസ്.എസ് സാബുരാജന്‍, സി.പി.ഒ സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റൂട്ട് മാറ്റിയെന്നാണ് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം.

എന്നാല്‍ പതിവ് റൂട്ട് മാറ്റിയതില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച്‌ മന്ത്രി അതൃപ്തി അറിയിച്ചിരുന്നു. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവുമുണ്ടാക്കിയെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥരെ കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, തിരുവനന്തപുരം കമ്മീഷണറുടെ ഉത്തരവിനെതിരെ നിയമ മന്ത്രി പി. രാജീവ് രംഗത്തെത്തി. താന്‍ അതൃപ്തി അറിയിച്ചതുകൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഉത്തരവിറക്കിയത് ശരിയായില്ലെന്നും, തന്റെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസാണെന്നും മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂമിലെ രണ്ട് പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ വിവാദമായതോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനിടെ, മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്.ഐ സാബുരാജന്‍ ഇടംനേടിയിരുന്നു. സസ്‌പെന്‍ഷനെതിരെ സേനയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!