KSDLIVENEWS

Real news for everyone

എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കാസർകോഡ് പെരിയയിലുണ്ട്; ജില്ലാ കളക്ടർ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

SHARE THIS ON

കാസർകോട് : ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ അനുകൂല റിപ്പോർട്ട് നൽകി കളക്ടർ അർജുൻ പാണ്ഡ്യൻ. പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ (പി.സി.കെ.) 274.69 ഏക്കർ ഭൂമി എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന സമഗ്ര റിപ്പോർട്ട് കളക്ടർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യുടെ അപേക്ഷയെത്തുടർന്ന് സർക്കാർ നിർദേശപ്രകാരം സ്ഥലം നേരിട്ട് സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

എയിംസ് മാതൃകയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കൽ കോളേജും ഉൾപ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്രസർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതാണ് പെരിയയെന്നാണ് കളക്ടറുടെ റിപ്പോർട്ട്. ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി.രാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, ഹൊസ്ദുർഗ് തഹസിൽദാർ കെ.രമേശൻ, മധു, അനിൽ ഫിലിപ്പ്, സർവേ ഉദ്യോഗസ്ഥർ, പി.സി.കെ. യൂണിറ്റ് മാനേജർ സജീവ് എന്നിവരാണ് സ്ഥലം സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തിയത്.

കേന്ദ്ര മാനദണ്ഡങ്ങളും പെരിയയുടെ സവിശേഷതകളും

കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ പെരിയയിൽ അനുകൂല സാഹചര്യമാണ്. ഭൂമിലഭ്യത: കുറഞ്ഞത് 200 ഏക്കറാണ് വേണ്ടത്. പുല്ലൂർ-പെരിയ പഞ്ചായത്തിൽ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന 274.69 ഏക്കർ സർക്കാർ ഭൂമിയുണ്ട്. ദേശീയപാത തൊട്ടടുത്ത്; മികച്ച പ്രാദേശിക അന്തസ്സംസ്ഥാന യാത്രാസൗകര്യം. കാഞ്ഞങ്ങാട്, കാസർകോട് റെയിൽവേ സ്റ്റേഷനുകൾ. മംഗളൂരു, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. ജലലഭ്യതയിൽ മൂന്നാംകടവ് പ്രധാന ജലസ്രോതസ്സായി കണ്ടെത്തി. മയിലാട്ടി പവർസ്റ്റേഷൻ, മാവുങ്കാൽ സബ്‌സ്റ്റേഷൻ എന്നിവ വഴി തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പുവരുത്താനാകും.

പ്രധാന നേട്ടങ്ങളും പ്രാധാന്യവും

ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ, പുനരധിവാസം, ന്യൂറോളജി, എൻവയോൺമെന്റൽ മെഡിസിൻ, ദീർഘകാല ഫോളോഅപ്പ് എന്നിവയ്ക്കുള്ള ചികിത്സാകേന്ദ്രമായി എയിംസ് മാറും.

അക്കാദമിക് ഗവേഷണ നേട്ടം: തൊട്ടടുത്തുള്ള കേന്ദ്ര സർവകലാശാലയുടെ കാമ്പസ്, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആർ.ഐ.), എച്ച്.എ.എൽ. എന്നിവയുമായി ചേർന്ന് മെഡിക്കൽ വിദ്യാഭ്യാസം, പബ്ലിക് ഹെൽത്ത്, ലൈഫ് സയൻസസ് മേഖലകളിൽ മികച്ച ഗവേഷണ അന്തരീക്ഷം ഉറപ്പാക്കാം.

ഭൂമികൈമാറ്റ മാതൃക: മുൻപ് കേന്ദ്ര സർവകലാശാലയ്ക്കായി പ്ലാന്റേഷൻ കോർപ്പറേഷൻ ഭൂമി വിട്ടുനൽകിയ മാതൃകയിൽ ചട്ടങ്ങൾക്ക് വിധേയമായി റവന്യൂ വകുപ്പ് വഴി ഭൂമി എയിംസിന് ലഭ്യമാക്കാൻ സാധിക്കും.

തൊഴിലാളിക്ഷേമവും പ്രാദേശിക വികസനവും

നിലവിൽ ഇവിടെ ജോലിചെയ്യുന്ന 28 ദിവസവേതന തൊഴിലാളികൾക്ക് എയിംസിലെ സുരക്ഷ, ശുചീകരണം, മെയിന്റനൻസ് തുടങ്ങിയ അനുബന്ധ മേഖലകളിൽ പുനരധിവാസം ഉറപ്പാക്കാൻ നിർദേശമുണ്ട്. കൂടാതെ പ്രാദേശികമായി വൻതോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

അന്തസ്സംസ്ഥാന പ്രാധാന്യം

വടക്കൻ കേരളത്തിലെയും കർണാടക അതിർത്തി പ്രദേശങ്ങളിലെയും (ദക്ഷിണ കന്നഡ, കുടക്) ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സുപ്രധാന തൃതീയതല ആരോഗ്യകവാടമായി പെരിയ മാറും.

error: Content is protected !!