വായില്‍ മീന്മുള്ള് കൊണ്ട് ആശുപത്രിയില്‍ എത്തി; എക്സ്റേ മെഷീന് തട്ടി പെണ്‍കുട്ടിയുടെ നടുവൊടിഞ്ഞു

ആറ്റിങ്ങല്‍: വായില്‍ മീന്മുള്ള് കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി എക്സ്റേ എടുക്കുന്നതിനിടെ മെഷീന് കൊണ്ട് നടുവൊടിഞ്ഞ് കിടപ്പിലായി.മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യ ആണ് നടുവൊടിഞ്ഞ് ചികിത്സയിലായത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
മീൻമുള്ള് കുടുങ്ങിയ അസ്വസ്ഥതയുമായി ആശുപത്രിയിൽ ഇ.എൻ.ടി ഡോക്ടറെ കണ്ടപ്പോൾ എക്സ്റേ എടുക്കാൻ നിർദേശിച്ചു. എക്സ്റേ എടുക്കവെ മെഷീന്റെ ഒരു ഭാഗം നടുവിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചു. ഇതോടെ ശരീരമാസകലം പെരുപ്പും തുടർന്ന് നടക്കാൻ കഴിയാതെയുമായി. നിലവിളികേട്ട് എത്തിയ മാതാവ് താങ്ങിയാണ് മകളെ പുറത്ത് എത്തിച്ചത്.
ഓർത്തോ ഡോക്ടറുടെ നിർദേശാനുസരണം വീണ്ടും എക്സ്റേ എടുത്തു. നടുവിന്റെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് ഇതിൽ കണ്ടെത്തി. ചെറിയ പോറൽ മാത്രമേയുള്ളൂ ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന് നിർദേശിച്ച് മരുന്ന് നൽകി വിട്ടയച്ചു. ഡോക്ടർമാർ നിസ്സാരമായാണ് പറഞ്ഞതെങ്കിലും ഫൈനൽ സെമസ്റ്റർ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയായ ആദിത്യക്ക് ഡോക്ടർമാർ തമ്മിലെ സംഭാഷണത്തിൽനിന്ന് പരിക്കിന്റെ ഗൗരവസ്വഭാവം മനസ്സിലായി.

