KSDLIVENEWS

Real news for everyone

എ.കെ.എം അഷ്റഫ് എന്ത നാനു: നിയമസഭയിൽ കന്നഡ മുഴക്കി മഞ്ചേശ്വരം എംഎൽഎ

SHARE THIS ON

കണ്ണൂർ: ‘എ.കെ.എം. അഷ്റഫ് എന്ത നാനു’ ; നിയമസഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തവരുടെ ഇടയിൽ കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് ഭാഷാ വൈവിധ്യത്തെ ഉയർത്തിപ്പിടിച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ്. ലിപി ഇല്ലാത്ത ബ്യാരിയാണ് അഷ്റഫിന്റെ മാതൃഭാഷ. സ്കൂൾ പഠനം കന്നഡയിലായിരുന്നു. അതിനാൽ മലയാളത്തേക്കാൾ നന്നായി കന്നഡയാണ് എഴുത്തും വായനയും അഷ്റഫിന് വഴങ്ങുന്നത്. മാത്രമല്ല അഷ്റഫിന്റെ വോട്ടർമാരിൽ നല്ലൊരു ശതമാനവും കന്നഡ സംസാരിക്കുന്നവരാണ്.

അഷ്റഫിന്റെ വാഹനത്തിൽ ഇംഗ്ലിഷിലും മലയാളത്തിലും കന്നഡയിലും എംഎൽഎ എന്ന ബോർഡ് വച്ചിട്ടുണ്ട്. 2021ൽ ആദ്യമായി എംഎൽഎ ആയപ്പോഴും അഷ്റഫ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. 2001 മുതൽ 2006 വരെ ബാംബൂ കോർപറേഷൻ ഡയറക്ടറായിരുന്നു. 2010– 2015 വരെ കാസർകോട് ജില്ലാ പഞ്ചായത്ത് മെംബർ, 2015–2020 വരെ മ‍ഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള മണ്ഡലമായ സപ്തഭാഷാ സംഗമ ഭൂമിയിൽനിന്ന് 29,252 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എകെഎം അഷ്‌റഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാര്‍ഥിയായി നാലാം തവണയും മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രൻ ഇത്തവണയും തോറ്റു. വോർക്കാടി, മീഞ്ച, പൈവളികെ, എൻമകജെ, പുത്തിഗെ, കുമ്പള, മംഗൽപാടി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മഞ്ചേശ്വരം നിയോജക മണ്ഡലം. കന്നഡ, തുളു ഭാഷകൾ സംസാരിക്കുന്ന വലിയ വിഭാഗം വോട്ടർമാരുണ്ട്. 2021 ൽ എകെഎം അഷ്റഫ് 745 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ച് കയറിയത്. എന്നാൽ ഇത്തവണ ഭൂരിപക്ഷത്തിൽ വൻ നേട്ടമാണുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!