മോദിയുടെ സ്വപ്ന’ത്തിനായി യത്നിച്ച ഹാർഡിങ്; ഇപ്പോൾ ടൈറ്റാനിക് തേടിപ്പോയി അപ്രത്യക്ഷൻ

ന്യൂഡൽഹി: അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ആഡംബര കപ്പലായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ കടലിൽ കാണാതായ, ടൈറ്റൻ എന്ന സബ്മെർസിബിളിലെ ബ്രിട്ടിഷ് വ്യവസായിക്ക് ഇന്ത്യൻ ബന്ധവും. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ മണ്ണിലേക്ക് ചീറ്റകളെ എത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ പരിശ്രമിച്ചവരുടെ കൂട്ടത്തിൽ ബ്രിട്ടിഷ് വ്യവസായിയായ ഹാമിഷ് ഹാർഡിങ്ങുമുണ്ട്. ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയുടെ തുടക്കമെന്ന നിലയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയിൽനിന്ന് എട്ടു ചീറ്റകളെ എത്തിച്ച പദ്ധതിയിലാണ്, ഹാമിഷ് ഹാർഡിങ്ങിന്റെ സഹകരണമുണ്ടായിരുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ഈ പദ്ധതിയെക്കുറിച്ച് ഹാർഡിങ് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ചീറ്റകളെ ഇന്ത്യയിലേക്കു കൊണ്ടുവന്ന വിമാനത്തിന്റെ മുൻപിൽനിന്ന് ഹാമിഷ് ഹാർഡിങ് വിഡിയോയും പങ്കുവച്ചിരുന്നു. ഈ പദ്ധതിയുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. അദ്ദേഹം കൂടി അംഗമായ എക്സ്പ്ലോറേഴ്സ് ക്ലബ്ബുമായി ബന്ധപ്പെട്ടാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്ന പദ്ധതിയുമായി ഹാമിഷ് ഹാർഡിങ് എത്തിയത്. ആക്ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ ഉടമയായ അൻപത്തെട്ടുകാരനായ ഹാർഡിങ്, ബഹിരാകാശ യാത്ര നടത്തിയും പ്രശസ്തനാണ്. അദ്ദേഹത്തിന്റെ പേരിൽ മൂന്ന് ഗിന്നസ് റെക്കോർഡുകളുമുണ്ട്
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആദ്യ ഘട്ടമായി നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 5 പെണ്ണും 3 ആണും ഉൾപ്പെടെ 8 ചീറ്റകളാണ് ആദ്യം എത്തിയത്. ബോയിങ് 747 വിമാനത്തിൽ നമീബിയയിൽനിന്ന് ആദ്യം ഗ്വാളിയോറിലേക്കും പിന്നീടു വ്യോമസേനയുടെ ഹെലികോപ്റ്ററിൽ കുനോ പാർക്കിനടുത്ത പാൽപുരിലും എത്തിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്
ഇവയെ വനത്തിലേക്ക് തുറന്നുവിട്ടത്.

