എഫ്‌ഐആറിലുള്ളത് പരാതിക്കാര്‍ പറഞ്ഞകാര്യങ്ങള്‍, ഇന്‍ഡിഗോ തെറ്റുതിരുത്തിയാല്‍ നല്ലത്- ജയരാജന്‍

കണ്ണൂര്‍: ക്രിമിനലുകളായ പരാതിക്കാര്‍ ഉന്നയിച്ച കാര്യങ്ങളാണ് തനിക്കെതിരെയുള്ള എഫ്.ഐ.ആറില്‍ ഉള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പോലീസ് അന്വേഷണം നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കു നേരെ അക്രമം നടത്താന്‍ അയച്ചിട്ടുള്ള ക്രിമിനലുകളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടുത്ത പരാതിയാണ് കോടതിക്കു മുന്നില്‍ വന്നിരിക്കുന്നത്. കോടതിയുടെ നടപടിക്രമം അനുസരിച്ചാണ് ഇപ്പോള്‍ പോലീസിനെ ഏല്‍പിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം നടത്തിയ ശേഷമാണ് കേസ് എടുക്കാന്‍ വകുപ്പുണ്ടോ എന്നൊക്കെ തീരുമാനിക്കുക. ഇപ്പോള്‍ എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത് പരാതിക്കാര്‍ ഉന്നയിച്ച കാര്യങ്ങളാണെന്നും ജയരാജന്‍ പറഞ്ഞു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് എനിക്കുവേണ്ടി നടപടി പുനഃപരിശോധിക്കേണ്ടതില്ല. അവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ടാല്‍ ആ തെറ്റ് തിരുത്താന്‍ ആ വിമാന കമ്പനി മുന്നോട്ടുവന്നാല്‍ നല്ലത്. ഞാന്‍ ഏതായാലും ഇന്‍ഡിഗോയില്‍ യാത്രചെയ്യാനില്ല. അതുകൊണ്ട് അവര്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ, അതിലുള്ള എന്റെ നിലപാട് അതാണ്, ജയരാജന്‍ പറഞ്ഞു.

