മുസ്ലിം യുവാക്കളെ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവം; ഗുജറാത്ത് സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതി നോട്ടീസ്

അഹമ്മദാബാദ്: നവരാത്രി ഗര്‍ബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ്ലിം യുവാക്കളെ കെട്ടിയിട്ട് പരസ്യമായി തല്ലിച്ചതച്ച സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിനും പൊലീസുകാര്‍ക്കും ഹൈക്കോടതി നോട്ടീസ്. ഖേഡ ജില്ലയിലെ ഉന്ധേല ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എ.ജെ. ശാസ്ത്രി എന്നിവരാണ് 15 പൊലീസുകാര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചത്. മര്‍ദനമേറ്റ യുവാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍.
സംഭവത്തില്‍ 15 പൊലീസുകാര്‍ക്കെതിരെ മര്‍ദനമേറ്റ ജാഹിര്‍മിയ മാലിക് (62), മക്സുദാബാനു മാലിക് (45), സഹദ്മിയ മാലിക് (23), സകില്‍മിയ മാലിക് (24), ഷാഹിദ് മാലിക് (25) എന്നിവര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. ഐ.ജി, പൊലീസ് സൂപ്രണ്ട് ഖേദ, മതര്‍ പൊലീസ് സ്റ്റേഷനിലെ 10 കോണ്‍സ്റ്റബിള്‍മാര്‍, ലോക്കല്‍ ക്രൈംബ്രാഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് യുവാക്കള്‍ പരാതി നല്‍കിയത്.
ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് മഫ്തിയിലെത്തിയ പൊലീസുകാര്‍ യുവാക്കളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഒക്ടോബര്‍ മൂന്നിന് ഉന്ധേല ഗ്രാമത്തില്‍, ഒരു പള്ളിക്ക് സമീപം നടന്ന ഗര്‍ബ പരിപാടിയെ മുസ്ലിംകള് എതിര്‍ത്തതോടെ പ്രാദേശിക ഹിന്ദു- മുസ്ലിം സമുദായ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഗര്‍ബ പരിപാടിയിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ ചില മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് ഇരുമ്ബു തൂണില്‍ കെട്ടിയിട്ട് വലിയ വടികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എ.വി പാര്‍മര്‍, സബ് ഇന്‍സ്പെക്ടര്‍ ഡി.ബി. കുമാവത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മഫ്തിയിലുള്ള പൊലീസുകാര്‍ യുവാക്കളെ തല്ലിച്ചതച്ചത്. ചുറ്റും കൂടി നിന്ന സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന നൂറുകണക്കിന് പേര് ഇതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികളോട് പൊതുജനത്തോട് മാപ്പു പറയണമെന്ന് നിര്‍ദേശിക്കുകയും അവരപ്രകാരം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതോടെ സംഭവത്തെക്കുറിച്ചും തല്ലിച്ചതച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കി.
“പൊലീസുകാര്‍ തന്നെയാണ് വീഡിയോ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. യുവാക്കളെ പൊലീസ് വാനില്‍ സ്റ്റേഷനില്‍ നിന്ന് കൊണ്ടുവന്ന ശേഷം ഓരോരുത്തരെയും പുറത്തിറക്കി. പൊതുജനത്തെ സാക്ഷിയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച ശേഷം പൊലീസ് വാഹനത്തില്‍ കയറ്റി തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. ഇത് അറസ്റ്റും തടങ്കലും ഉണ്ടാകുമ്ബോള്‍ പൊലീസ് പാലിക്കേണ്ട സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ സമ്ബൂര്‍ണ ലംഘനമാണ്”- ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഐ എച്ച് സയ്യിദ് പറഞ്ഞു.

