വഞ്ചിച്ച് പകർത്തിയത് 14 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ; യുഎഇ നാടുകടത്തിയ പ്രതിയെ കൊച്ചിയിലെത്തിച്ചു

ദുബായ്: വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് യുവതികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയും സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം നേടുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. മഹാരാഷ്ട്ര പൊലീസിന്റെ ആവശ്യപ്രകാരം സിബിഐ മുഖേന ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച മുഹമ്മദ് മാസിനെയാണ് യുഎഇ അധികൃതർ പിടികൂടി നാടുകടത്തിയത്. സിബിഐയുടെയും രാജ്യാന്തര അന്വേഷണ ഏജൻസികളുടെയും ഏകോപനത്തോടെ നടന്ന നീക്കത്തിനൊടുവിൽ യുഎഇയിലെത്തിയ മഹാരാഷ്ട്ര പൊലീസ് സംഘത്തിന് പ്രതിയെ കൈമാറി. തുടർന്ന് പ്രതിയുമായി അകമ്പടി സംഘം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങി.
വിവാഹവാഗ്ദാനം നൽകി ശാരീരികമായും മാനസികമായും സാമ്പത്തികമായും ക്രൂരമായി ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹം കഴിക്കാമെന്നു വാക്ക് നൽകി അടുപ്പം സ്ഥാപിച്ച ശേഷം പരാതിക്കാരിയിൽനിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. സംഭവത്തിൽ വിശദമായ അന്വേഷണം പൂർത്തിയാക്കിയ മഹാരാഷ്ട്ര പൊലീസ് ഇതിനോടകം തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
∙ 13 പേരെക്കൂടി ഇരയാക്കിയെന്ന് കണ്ടെത്തൽ, ഇന്റർപോൾ റെഡ് നോട്ടീസും നാടുകടത്തലും
ആദ്യ പരാതിയിൽ നടത്തിയ അന്വേഷണമാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുകൊണ്ടുവന്നത്. സമാനമായ രീതിയിൽ മറ്റ് 13 യുവതികളെക്കൂടി പ്രതി വലയിലാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ഇരകളായ യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അവ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആകെ 14 യുവതികൾ പ്രതിയുടെ തട്ടിപ്പിനിരയായതായാണ് വിവരം.
തട്ടിപ്പ് പുറത്തുവന്നതോടെ മുഹമ്മദ് മാസിൻ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി മഹാരാഷ്ട്ര പൊലീസിന്റെ അഭ്യർത്ഥനപ്രകാരം സിബിഐയുടെ എൻസിബി-ന്യൂഡൽഹി വിഭാഗം ഇന്റർപോൾ വഴി റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യാന്തര തലത്തിൽ തിരച്ചിൽ ശക്തമാക്കുന്നതിനിടെ പ്രതിയുടെ സ്ഥാനം കണ്ടെത്തിയ യുഎഇ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പ്രതിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി നൽകിയത്. യുഎഇയിൽനിന്ന് പ്രതിയെ ഏറ്റുവാങ്ങിയ മഹാരാഷ്ട്ര പൊലീസ് സംഘം വിമാനമാർഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചതോടെയാണ് നിയമനടപടികളിലെ നിർണായക ഘട്ടം പൂർത്തിയായത്.

