KSDLIVENEWS

Real news for everyone

ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

SHARE THIS ON


തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒതുക്കിത്തീർക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ല. പാർട്ടി നേതാവ് എന്ന നിലയിൽ പാർട്ടിക്കാരനെ വിളിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. കേസിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡി.ജി.പി. പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതിക്കാരിക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്നും പോലീസ് റിപ്പോർട്ട് സഭയിൽ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.


എന്നാൽ, മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. വിഷയത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നിയമനടപടികളുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രി വിളിച്ചതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി. വിഷ്ണുനാഥ് ആരോപിച്ചു.


പരാതിക്കാരെ വിളിച്ച് പരാതി ഒതുക്കലാണോ മന്ത്രിമാരുടെ പണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. പോലീസ് മുഖ്യമന്ത്രിയെ പറ്റിക്കുകയാണ്. പോലീസിന്റെ കള്ള റിപ്പോർട്ട് വായിക്കാൻ വിധിക്കപ്പെട്ടവനായി മുഖ്യമന്ത്രി മാറുന്നു. വേട്ടക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും സതീശൻ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!