പരാതികൾ അവഗണിച്ചു; അപകടത്തിന് ശേഷം കുഴി നികത്തി അധികൃതർ

കെഎസ്ടിപി റോഡിൽ ഇന്നലെ ബൈക്ക് യാത്രികന്റെ അപകട മരണത്തിനു കാരണമായ ബേക്കൽ പാലത്തിനു സമീപത്തെ റോഡിലെ കുഴി അപകടത്തിനു ശേഷം അധികൃതർ നികത്തിയപ്പോൾ
പാലക്കുന്ന് ∙ ബേക്കൽ പാലത്തിനു സമീപം ബൈക്ക് യാത്രികന്റെ മരണത്തിനു കാരണമായ അപകടക്കുഴി അധികൃതർ നികത്തി. അപകടം നടന്ന് ഏതാനും മണിക്കൂറുകൾക്കകമാണ് പാലത്തിനു സമീപത്തെ കുഴി നികത്തിയത്. മുൻപ് പരാതികളുണ്ടായിട്ടും കുഴി നികത്താത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
കഴിഞ്ഞ വേനൽ കാലത്ത് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ബേക്കൽ പാലത്തിലേക്കു കാസർകോട് ഭാഗത്ത് നിന്നു പ്രവേശിക്കുന്നിടത്താണ് അരമീറ്ററിലധികം വിസ്തൃതിയും ഒരടി താഴ്ചയുമുള്ള കുഴി രൂപപ്പെട്ടിരുന്നത്. മഴക്കാലം തുടങ്ങി ഒന്നര മാസം പിന്നിട്ടിട്ടും ഇതു നികത്തിയില്ല. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് ഇവിടെ അപകടമുണ്ടാകാതെ കടന്നു പോയിരുന്നത്. ഈ ഭാഗത്ത് റോഡിൽ പൊട്ടലും കാണാനുണ്ട്.
രാത്രിയിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ ചാടിയാൽ പാലത്തിലിടിച്ചോ മറിഞ്ഞോ അപകടമുണ്ടാകുമെന്ന് നേരത്തെയും പരാതികളുണ്ടായിരുന്നു. ടാർ ചെയ്ത ഭാഗം ഇടിഞ്ഞതോടെ അടിയിലുള്ള മണ്ണു തെളിഞ്ഞു കാണുന്നുണ്ട്. നിർമാണത്തിലെ അപാകതകളാണ് ഇത്രവേഗം കുഴി രൂപപ്പെടാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു. കുഴി പെട്ടെന്നു ശ്രദ്ധിക്കാൻ വേണ്ടി നാട്ടുകാർ കുഴിയിൽ അടയാളങ്ങൾ വച്ചിരുന്നു. എന്നാൽ രാത്രി കാലങ്ങളിൽ ഇതുകൊണ്ടും കാര്യമുണ്ടാകില്ല.
കളനാട് പാലം മുതൽ തെക്കോട്ട് ചിത്താരിപ്പാലം വരെ കെഎസ്ടിപി റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പള്ളിക്കര റെയിൽവേ മേൽപ്പാലത്തിലും റോഡ് തകർന്നിട്ടുണ്ട്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് സർക്കിൾ ഉൾപ്പെടെയുള്ള നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഗ്രാമീണ മേഖലകളിലും മഴക്കാലമായതോടെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

