KSDLIVENEWS

Real news for everyone

കോടതിയില്‍ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക ജാമ്യം ലഭിക്കില്ലെന്നറിഞ്ഞ് മുങ്ങി

SHARE THIS ON

ആലപ്പുഴ>  കോടതിയില്‍ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടന്നറിഞ്ഞ് കോടതിയില്‍ നിന്നും മുങ്ങി. നിയമ ബിരുദമില്ലാതെ ആലപ്പുഴ കോടതിയില്‍ രണ്ടു വര്‍ഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശേരിയില്‍ സെസി സേവ്യറാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നിന്ന് മുങ്ങിയത്.

 വ്യാജ എന്റോള്‍ നമ്പര്‍ ഹാജരാക്കി ബാര്‍ അസോസിയേഷനില്‍ അംഗത്വമെടുക്കുകയും കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തതിനെതിരെ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. തുടര്‍ന്ന് ഒളിവില്‍ പോയ സെസി വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. 

ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന ധാരണയിലാണ് വന്നത്. ഐപിസി 417, 419 വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്. ജാമ്യമില്ലാ വകുപ്പായ 420 കൂടി പിന്നീട്  ഉള്‍പ്പെടുത്തി. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത് ചേര്‍ത്തത്.

ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരായപ്പോഴാണ് ജാമ്യം ലഭിക്കാത്ത വകുപ്പുണ്ടെന്ന് അറിഞ്ഞത്. ഉടന്‍ സെസി കോടതിയില്‍നിന്ന് പുറത്തിറങ്ങി കാറില്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സെസി ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചിരുന്നു. ലൈബ്രറിയുടെ ചുമതലയും ഇവര്‍ക്കായിരുന്നു.

 ബാര്‍ അസോസിയേഷനില്‍ അംഗത്വത്തിനായി ഇവര്‍ നല്‍കിയ രേഖകളടക്കമുള്ളവ ഇപ്പോള്‍ കാണാനില്ല. രണ്ടുവര്‍ഷം നിരവധി കേസുകളില്‍ സെസി കോടതിയില്‍ ഹാജരായിരുന്നു. മറ്റ് അഭിഭാഷകര്‍ ചുമതലപ്പെടുത്തിയിരുന്ന കേസുകളിലും ഹാജരായ ഇവര്‍ അഭിഭാഷക കമ്മീഷനായി വിവിധ കേസുകളില്‍ നിയോഗിക്കപ്പെട്ടിട്ടുമുണ്ട്. എല്‍എല്‍ബി  വിജയിച്ചില്ലെന്ന വിവരം ബാര്‍ അസോസിയേഷന് ലഭിച്ച ഊമക്കത്തിലൂടെയാണ് പുറത്തായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!