കുട്ടനാടും മുട്ടനാടും വേണ്ട, തോറ്റ പാര്‍ട്ടിക്ക് പാലാ സീറ്റ് നല്‍കാനാവില്ല- മാണി സി. കാപ്പന്‍

കോട്ടയം: പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് മാണി സി. കാപ്പൻ. പാലയിൽത്തന്നെ മത്സരിക്കും. കുട്ടനാട്ടിൽ മത്സരിക്കാനില്ല. തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടുനൽകാനാവില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
കുട്ടനാടും ഇല്ല, മുട്ടനാടും ഇല്ല. പാലയിൽ മത്സരിച്ചാണ് വിജയിച്ചത്. തനിക്ക് നീന്താനറിയില്ല താൻ കുട്ടനാട്ടിലേക്കില്ല. ഇനിയും പാലായിൽത്തന്നെ മത്സരിക്കും. 27ന് എൽഡിഎഫ് യോഗം ഉണ്ട്. അതിൽ പങ്കെടുക്കും. നാലുപ്രാവശ്യം മത്സരിച്ച് പിടിച്ചെടുത്ത സീറ്റാണ്. അത് തോറ്റ പാർട്ടിക്ക് കൊടുക്കേണ്ട ഗതികേട് എൻസിപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എ. കെ. ശശീന്ദ്രൻ വിഭാഗം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേർന്നത് അസാധാരണ നടപടിയാണെന്നും മാണി സി. കാപ്പൻ പറഞ്ഞു.
മാണി സി. കാപ്പൻ വിഭാഗം നാളെ മുംബൈയിലെത്തി കേന്ദ്ര നേതൃത്വത്തെ കാണും എന്നാണ് റിപ്പോർട്ട്. പാലാ സീറ്റ്, മുന്നണി മാറ്റം തുടങ്ങിയ വിഷയങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകണമെന്ന ആവശ്യം മാണി സി. കാപ്പൻ വിഭാഗം നേതൃത്വത്തെ അറിയിക്കും.

