KSDLIVENEWS

Real news for everyone

കാസർകോട് ജനറൽ ആശുപത്രി വളപ്പിൽ നിന്ന് മുറിച്ചു കടത്തിയ മരത്തടികൾ കണ്ടുകെട്ടി

SHARE THIS ON

കാസർകോട്∙ അനുമതിയില്ലാതെ  കാസർകോട് ജനറൽ ആശുപത്രി വളപ്പിൽ നിന്നു  മുറിച്ചു കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന  മരത്തടികൾ പൊലീസ് കണ്ടുകെട്ടി. 21 തേക്കിൻ തടികളും 10 പൂമരത്തിന്റെ തടികളും ഉൾപ്പെടെ ആകെ 31 തടികളാണ്  കേസ് അന്വേഷിക്കുന്ന ടൗൺ സിഐ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടുകെട്ടിയത്. 

മരം മുറിച്ച് കടത്താനായി ഉപയോഗിച്ച ലോറിയുടെ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരത്തടികൾ കസ്റ്റഡിയിലെടുത്തതെന്നും ഇവ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും സിഐ പറഞ്ഞു. മരം മുറിച്ച് കടത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായും ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പ്രതികളുണ്ടോയെന്ന് വ്യക്തമാകുമെന്നും  പൊലീസ് അറിയിച്ചു.  ആശുപത്രി വളപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 12,13 തീയതികളിലാണ് തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചത്.null

ലേല നടപടികൾ ക്രമങ്ങൾ പാലിക്കാതെയാണു മരങ്ങൾ അനധികൃതമായി മുറിച്ചതെന്നാണു വിജിലൻസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ആശുപത്രി വളപ്പിലെ മരങ്ങൾ മുറിക്കാൻ കരാറുകാരനു ആരാണു അനുവാദം നൽകിയത് ഉൾപ്പെടെയുള്ളവ അന്വേഷിക്കേണ്ടത് പൊലീസാണെന്നു വിജിലൻസ് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ പറഞ്ഞു.നഗരസഭ–ആശുപത്രി ഉദ്യോഗസ്ഥ സംഘത്തിനു ഈ സംഭവത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു അന്വേഷണ സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!