ദോഹ-ബഹ്റൈന്‍ ബുക്കിങ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്

ദോഹ: വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്കുശേഷം ഖത്തറും ബഹ്റൈനും തമ്മില്‍ വ്യോമ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിനുപിന്നാലെ ദോഹയില്‍നിന്ന് നേരിട്ടുള്ള വിമാന ബുക്കിങ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്. ദോഹ-ബഹ്റൈൻ വിമാന സര്‍വിസ് പ്രാബല്യത്തില്‍ വരുന്ന മേയ് 25 മുതല്‍ തന്നെ ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ ദോഹയില്‍നിന്ന് ബഹ്റൈനിലേക്ക് പറന്നു തുടങ്ങും. 2017ലെ ഗള്‍ഫ് ഉപരോധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം നിലച്ചതോടെ യാത്രാമാര്‍ഗങ്ങളും അവസാനിച്ചിരുന്നു. തുടര്‍ന്ന്, ഉപരോധം നീങ്ങിയിട്ടും ഖത്തറും ബഹ്റൈനും തമ്മിലെ ബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. കഴിഞ്ഞ മാസം നടന്ന ജി.സി.സി ഫോളോഅപ് കമ്മിറ്റി യോഗത്തിനു ശേഷമാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. അതിന്റെ തുടര്‍ച്ചയായി വിമാന സര്‍വിസും പുനരാരംഭിക്കുകയാണിപ്പോള്. ദോഹയില്‍നിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 50 മിനിറ്റാണ് യാത്രാ ദൈര്‍ഘ്യം. ദിവസവും രാത്രി എട്ടിന് ദോഹയില്‍നിന്ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേസ് 1109 എയര്‍ ബസ് എ320 വിമാനം 8.50ഓടെ ബഹ്റൈനിലെത്തും. ഇക്കണോമി ക്ലാസിന് 1210 റിയാലും ഫസ്റ്റ് ക്ലാസിന് 4780 റിയാലുമാണ് നിലവിലെ നിരക്ക്. ബഹ്റൈനില്‍നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം രാത്രി 11.15ഓടെ ദോഹയിലെത്തും. ബഹ്റൈൻ ദേശീയ എയര്‍ലൈൻസായ ഗള്‍ഫ് എയറും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നേരിട്ടുള്ള സര്‍വിസിന് ബുക്കിങ് ആരംഭിച്ചു. ദോഹയില്‍നിന്ന് 11.15ന് പുറപ്പെടുന്ന വിമാനം 12 മണിയോടെ ബഹ്റൈനിലെത്തും. ബഹ്റൈനില്‍നിന്ന് രാവിലെ 9.30ന് പുറപ്പെട്ട് 10.15നാണ് ദോഹയിലെത്തുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വിസ് പുനരാരംഭിക്കുന്നത് മേഖലയുടെ വിനോദ സഞ്ചാരത്തിനും ഉണര്‍വുപകരും. ബിസിനസ് സമൂഹമുള്‍പ്പെടെയുള്ള പ്രവാസി മലയാളികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. നേരത്തെ ഒമാൻ, കുവൈത്ത് വഴിയായിരുന്നു യാത്ര തിരഞ്ഞെടുത്തത്.

