മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രന് പുറമെ കൂടുതല്‍ ബിജെപി നേതാക്കളെ പ്രതിചേര്‍ക്കും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസില്‍ കെ സുരേന്ദ്രന് പുറമെ മറ്റ് ബിജെപി നേതാക്കളെ കൂടി പ്രതിചേര്‍ക്കും. കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാവും മറ്റ് നേതാക്കളെ പ്രതിചേര്‍ക്കുക. അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. കാസര്‍കോട് അട്കത്ത് ബയലിലെ കെ സുരേന്ദ്രന്‍ താമസിച്ച സ്വകാര്യ ഹോട്ടലിലും ജോഡ്കല്ലിലുള്ള തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും പൊലീസ് നടത്തിയ പരിശോധനയില്‍ നിര്‍ണായക തെളിവ് ലഭിച്ചതായാണ് സൂചന. കെ സുന്ദരയുടെ മൊഴിയെ ബലപ്പെടുത്തുന്ന ഡിജിറ്റല്‍ തെളിവുകളടക്കം ഇവിടെ നിന്നും ലഭിച്ചതായാണ് വിവരം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രേഖകള്‍ ശരിയാക്കിയത് കെ സുരേന്ദ്രന്‍ താമസിച്ച ഹോട്ടലില്‍ വെച്ചാണെന്ന് കെ.സുന്ദര മൊഴി നല്‍കിയിരുന്നു.
ഇതിന്‍റെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജോഡ്കല്ലിലെ കെ. സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കെ സുന്ദരയെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിച്ച കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ താമസിപ്പിച്ചതിന്‍റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഈ മാസം 29നും 30നും സുന്ദരയുടെയും അമ്മ ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കളുടെയും രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. ഇതിന് ശേഷം കേസില്‍ മറ്റ് ബിജെപി നേതാക്കളെ കൂടി പ്രതിചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

