KSDLIVENEWS

Real news for everyone

‘അവള്‍ ആത്മഹത്യ ചെയ്യില്ല, അവന്‍ ഡീസല്‍ വാങ്ങി വച്ചതെന്തിന്?’, അര്‍ച്ചനയുടെ അച്ഛന്‍ ചോദിക്കുന്നു

SHARE THIS ON

തിരുവനന്തപുരം: വിഴിഞ്ഞം പയറ്റുവിളയില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ അര്‍ച്ചന ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛന്‍. മകളുടെ ഭര്‍ത്താവ് സുരേഷ് തലേദിവസം വീട്ടില്‍ ഡീസല്‍ വാങ്ങിക്കൊണ്ട് വന്നതില്‍ ദുരൂഹതയുണ്ട്. ഉറുമ്ബ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് സുരേഷ് ഡീസല്‍ വാങ്ങി വച്ചതെന്നും അ‍ര്‍ച്ചനയുടെ അച്ഛന്‍ പറയുന്നു. മകളുടേത് പ്രണയവിവാഹമായിരുന്നു. അര്‍ച്ചനയും ഭര്‍ത്താവ് സുരേഷും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സുരേഷിന്‍റെ അച്ഛന്‍ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നു. പലതും മകള്‍ തന്നോടോ വീട്ടുകാരോടോ പറയാതെ ഒളിച്ചുവയ്ക്കാറായിരുന്നുവെന്നും, താന്‍ പലപ്പോഴും വീട്ടിലെത്തിയാല്‍ മകള്‍ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണാറെന്നും, അച്ഛന്‍ മാധ്യമങ്ങളോട് പറയുന്നു.

ഡീസലൊഴിച്ച്‌ തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് അര്‍ച്ചനയെ കണ്ടെത്തിയത്. വീട്ടില്‍വച്ച്‌ തന്നെ അര്‍ച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച്‌ മരണം സ്ഥിരീകരിച്ചു. അവിടെ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു സുരേഷിന്‍റെയും അര്‍ച്ചനയുടെയും വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു അര്‍ച്ചന. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. വിവാഹശേഷം പല തവണ സുരേഷും അര്‍ച്ചനയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. പലതും അര്‍ച്ചന വീട്ടില്‍ പറയുമായിരുന്നില്ല. നഴ്സിംഗ് കോഴ്സ് പാസ്സായ അര്‍ച്ചനയെ റജിസ്റ്റര്‍ ചെയ്യാനോ ജോലി ചെയ്യാന്‍ വിടാനോ സുരേഷ് തയ്യാറായിരുന്നില്ല. പലപ്പോഴും പ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് താനവിടെ ചെല്ലുമ്ബോള്‍ അര്‍ച്ചന കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കാണാറ്. പ്രശ്നങ്ങളെല്ലാം താന്‍ തന്നെ പരിഹരിച്ചോളാമെന്ന് അര്‍ച്ചന അപ്പോഴെല്ലാം പറയുമെന്നും അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നു.

അര്‍ച്ചന മരിക്കുന്നതിന് തലേന്ന് സുരേഷിന്‍റെ അച്ഛന്‍ വീട്ടില്‍ വന്നിരുന്നുവെന്നാണ് അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നത്. സുരേഷിന്‍റെ സഹോദരന് വസ്തു വാങ്ങാന്‍ 3 ലക്ഷം രൂപ ചോദിച്ചു. എന്നാല്‍ അത്രയും പണം അപ്പോള്‍ തന്‍റെ പക്കലുണ്ടായിരുന്നില്ല. സുരേഷും അര്‍ച്ചനയും തലേന്ന് വീട്ടിലേക്ക് വന്നിരുന്നു. അന്ന് സുരേഷ് വീട്ടിലേക്ക് ഡീസല്‍ വാങ്ങി കൊണ്ടുവയ്ക്കുന്നതെന്തിനെന്ന് താന്‍ ചോദിച്ചതാണ്. ഉറുമ്ബുശല്യം ഒഴിവാക്കാനാണെന്നാണ് സുരേഷ് അപ്പോള്‍ പറഞ്ഞതെന്നും അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, കൊന്നതാണെന്നും അര്‍ച്ചനയുടെ അച്ഛന്‍ ആവര്‍ത്തിക്കുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വിഴിഞ്ഞം പയറ്റുവിളയിലെ വാടകവീട്ടില്‍ വച്ചാണ് അര്‍ച്ചനയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു.

ഇയാളെ പിന്നീട് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!