സ്വപ്ന കേസ് ഗൂഢാലോചനക്ക് പിന്നില്‍ വലിയ തിമിംഗിലങ്ങള്‍, വെറുതേയിരുന്ന എന്നെ മാന്തി വിട്ടു- സരിത

തിരുവനന്തപുരം: സ്വപ്നയുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് പിന്നില്‍ പി.സി. ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിനും പിന്നില്‍ വളരെ വലിയ ആളുകളുണ്ടെന്നും സരിത എസ്. നായര്‍. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ പാർട്ടികള്‍ അടക്കമുള്ള വലിയ തിമിംഗിലങ്ങള്‍ ഉണ്ടെന്നും അവർ പറഞ്ഞു. സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ രഹസ്യ മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
നമ്മളൊന്നും കാണാത്ത വലിയ തിമിംഗിലങ്ങളുണ്ട് ഇതിന് പിന്നില്‍. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് പി.സി. ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും പിന്നില്‍ ഒന്നോ രണ്ടോ രാഷ്ട്രീയ പാര്ട്ടിക്കാര് കാണുമെന്നും അവര്‍ പറഞ്ഞു.
‘വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. ഞാനിതിനകത്ത് വന്നുപെട്ടതാണ്. മനഃപ്പൂര്‍വം വന്നു ചാടിയതല്ല. എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകണ്ടെ? എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? അതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ച് പോയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്. അതില്‍ രാഷ്ട്രീയക്കാരാരുമില്ല’, സരിത പറഞ്ഞു.

