ഗാന്ധിജിയുടെ കണ്ണട ലേലത്തില്‍ വച്ചു ; കിട്ടിയത് രണ്ടരക്കോടി

ലണ്ടൻ: ഗാന്ധിജി ഉപയോഗിച്ചിരുന്ന വട്ടക്കണ്ണട രണ്ടരക്കോടി രൂപക്ക് (2,60,000 പൗണ്ട്) ലേലത്തില്‍ വിറ്റു. ബ്രിട്ടനിലെ ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍ കമ്പനിയാണ് വെള്ളിയാഴ്ച സ്വര്‍ണ നിറത്തിലുള്ള കണ്ണട ലേലത്തിനു വച്ചത്. ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടീഷ് പെട്രോളിയം കോര്‍പ്പറേഷനില്‍ ജീവനക്കാരനായിരുന്ന വ്യക്തിക്ക് ഗാന്ധിജി സമ്മാനമായി നല്‍കിയ കണ്ണടയാണിത്. ജീവനക്കാരന്റെ ചെറുമകനാണ് ഇത് അയച്ചത്. നാലാഴ്ച മുമ്പ് ലേലക്കമ്പനിയുടെ ലെറ്റര്‍ ബോക്‌സിലാണ് കണ്ണട എത്തിയത്. ‘ഇത് ഗാന്ധിയുടെ കണ്ണടയാണ്. എന്റെ അമ്മാവന്‍ തന്നതാണ്’ എന്നൊരു കുറിപ്പും ഒപ്പമുണ്ടായിരുന്നു.
1910 നും 1920 നും ഇടയില്‍ നിര്‍മിച്ചതും ഉപയോഗിച്ചതുമാണ് ഈ കണ്ണടയെന്നാണ് കരുതുന്നത്. പരമാവധി 14 ലക്ഷം രൂപ (15,000 പൗണ്ട്) മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂവെന്നും ഇത്രയധികം തുക ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കമ്പനി അറിയിച്ചു.