ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് കാസർകോട്ടേക്കു നീട്ടുമെന്ന് സൂചന; കണ്ണൂരിൽ എത്തിച്ചേരുന്ന 9 ട്രെയിനുകൾ നീട്ടിയാൽ നേട്ടം

കണ്ണൂർ: ലോക്കൽ ട്രെയിനുകൾ അനുവദിക്കുമ്പോൾ റെയിൽവേ കാസർകോട് ജില്ലയെ കേരളത്തിന്റെ ഭൂപടത്തിൽ കണ്ടമട്ട് നടിക്കുന്നില്ല. ഇതു കാസർകോട് ജില്ലയിലെ മാത്രമല്ല, കണ്ണൂർ ജില്ലയിലെയും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. കണ്ണൂരിൽ എത്തിച്ചേരുന്ന 9 ട്രെയിനുകൾ കാസർകോട് വരെ നീട്ടിയാൽ കാസർകോട്ടേക്കുള്ള യാത്രാദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകും. ബിജെപി ദേശീയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പി.കെ.കൃഷ്ണദാസും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽകണ്ടു നിവേദനം നൽകിയപ്പോൾ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് കാസർകോട്ടേക്കു നീട്ടാമെന്നു സമ്മതം അറിയിച്ചതായാണു സൂചന. എന്നാൽ ഇതു സംബന്ധിച്ച് റെയിൽവേയുടെ അറിയിപ്പ് വന്നിട്ടില്ല.
ഏതൊക്കെ ട്രെയിനുകൾ നീട്ടാം?
കണ്ണൂരിൽ എത്തിച്ചേരുന്ന ഷൊർണൂർ – കണ്ണൂർ മെമു, യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്, തൃശൂർ – കണ്ണൂർ എക്സ്പ്രസ്, കോഴിക്കോട് – കണ്ണൂർ പാസഞ്ചർ, പാലക്കാട് – കണ്ണൂർ എക്സ്പ്രസ്, കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകൾ കാസർകോട്ടേക്കു നീട്ടിയാൽ മലബാറിലെ യാത്രക്കാരുടെ വണ്ടിയില്ലാ പ്രശ്നത്തിനു പരിഹാരമാകും.
കണ്ണൂരിൽനിന്നു യാത്ര ആരംഭിക്കുന്ന തിരുവനന്തപുരം ജനശതാബ്ദി, ആലപ്പുഴ എക്സിക്യൂട്ടീവ്, കോയമ്പത്തൂർ എക്സ്പ്രസ്, കണ്ണൂർ – കോഴിക്കോട് പാസഞ്ചർ, എറണാകുളം ജംക്ഷൻ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ – ഷൊർണൂർ പാസഞ്ചർ, കണ്ണൂർ – ഷൊർണൂർ മെമു, യശ്വന്ത്പൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ കാസർകോട് നിന്നു യാത്ര ആരംഭിക്കുകകൂടി ചെയ്താൽ പുതിയ ട്രെയിനുകൾ അനുവദിക്കാതെ തന്നെ മലബാറിലെ ഹ്രസ്വദൂര യാത്രാപ്രശ്നത്തിന് ഒട്ടൊക്കെ പരിഹാരമാകും.
ചില ട്രെയിനുകൾ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചശേഷം അടുത്ത സർവീസിനായി കാത്തുകിടക്കുന്നുണ്ട്. അങ്ങനെയുള്ള ട്രെയിനുകളുടെ സമയവും മറ്റ് സൗകര്യങ്ങളും കൂടി പരിഗണിച്ചെങ്കിലും കാസർകോട് വരെ സർവീസ് നീട്ടാൻ കഴിയുമോ എന്ന് റെയിൽവേ പരിശോധിച്ചാൽ മലബാറിലെ യാത്രക്കാർക്ക് അനുഗ്രഹമായിരിക്കും.
വിഭജനത്തിന് ശേഷം
ദക്ഷിണ റെയിൽവേയുടെ വടക്കേ അതിർത്തി സ്റ്റേഷനായ മഞ്ചേശ്വരത്തു നിന്നു ട്രെയിനുകൾ പുറപ്പെടുന്നതിനും അവസാനിപ്പിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പാലക്കാട് ഡിവിഷന് 3 പുതിയ മെമു റേക്ക് അനുവദിക്കണമെന്നു വിഭജനകാലത്ത് ആവശ്യപ്പെട്ടിരുന്നതാണ്. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കാസർകോട് വരെ ദീർഘിപ്പിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
എങ്ങനെ നീട്ടാം
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട് വരെ നീട്ടിയാൽ കണ്ണൂരിനു വടക്കോട്ടുള്ള യാത്രക്കാർക്കു പ്രയോജനപ്പെടുമെങ്കിലും രാത്രി വൈകിയായിരിക്കും ഇതു കാസർകോട് എത്തുക. അതു പോലെ പുലർച്ചെ വളരെ നേരത്തെ പുറപ്പെടുകയും ചെയ്യും. ഇതു യാത്രക്കാർക്ക് അസൗകര്യമായിരിക്കും. ഇപ്പോൾ രാവിലെ 5.10നാണ് കണ്ണൂരിൽ നിന്നു ട്രെയിൻ പുറപ്പെടുന്നത്. പുലർച്ചെ 12.30നാണു കണ്ണൂരിൽ തിരിച്ച് എത്തിച്ചേരുന്നതും.
അതിനാൽ ആലപ്പുഴ എക്സിക്യൂട്ടീവിനെ അപേക്ഷിച്ച് പാലക്കാട് – കണ്ണൂർ എക്സ്പ്രസ് കാസർകോട്ടേക്ക് (കോയമ്പത്തൂർ – കണ്ണൂർ ലിങ്ക് സർവീസ്) നീട്ടുന്നതാവും കണ്ണൂരിൽ നിന്നു വടക്കോട്ടുള്ള യാത്രക്കാർക്കു കൂടുതൽ പ്രയോജനപ്പെടുക. പാലക്കാട് – കണ്ണൂർ എക്സ്പ്രസ് ദിവസവും ഉച്ചകഴിഞ്ഞ് 1.50ന് പാലക്കാട്ടുനിന്നു പുറപ്പെട്ട് രാത്രി 7.25ന് കണ്ണൂരിലെത്തും.
കണ്ണൂർ – കോയമ്പത്തൂർ എക്സ്പ്രസ് രാവിലെ ആറിനു കണ്ണൂരിൽനിന്നു പുറപ്പെട്ട് 1.45ന് കോയമ്പത്തൂർ ജംക്ഷനിലെത്തും. ഈ ട്രെയിൻ നീട്ടുകയാണെങ്കിൽ കാസർകോട്ടെത്തുന്ന സമയവും തിരികെ പുറപ്പെടുന്ന സമയവും യാത്രക്കാർക്കു കൂടുതൽ പ്രയോജനപ്പെടും. രാത്രി 7.25നു കണ്ണൂരിലെത്തുന്ന ട്രെയിൻ കാസർകോട്ടേക്കും പുലർച്ചെ തിരികെയും പുറപ്പെടണം.
തിരുവനന്തപുരം– കാസർകോട് വന്ദേഭാരത് എക്സ്പ്രസിനായി വെള്ളം നിറയ്ക്കാനും ക്ലീനിങ്ങിനുമുള്ള സൗകര്യം കാസർകോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.20ന് കാസർകോട്ടെത്തുന്ന വന്ദേഭാരത് എക്സ്പ്രസ് 2.30നു തിരുവനന്തപുരത്തേക്കു മടങ്ങും. ഇതിനുശേഷം ഈ പ്ലാറ്റ്ഫോമിലേക്കു മറ്റു ട്രെയിനുകളൊന്നും എത്താറില്ല. അതുപോലെ ട്രെയിനുകൾ നിർത്തിയിടുന്നതിനോ അധിക ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിനോ വേണ്ടി പ്രധാന ട്രാക്കിൽ നിന്നുമാറി ഒരുക്കിയ പ്രത്യേക ട്രാക്കായ ബേ ലൈനിൽ കാസർകോട് ട്രെയിനുകൾ കയറാറില്ല. നീട്ടുന്ന ട്രെയിനുകൾ ആവശ്യമെങ്കിൽ ഇവിടെ നിർത്തിയിടാം.
എക്സിക്യൂട്ടീവ് ആണെങ്കിൽ…
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ആണു കാസർകോടേക്കു നീട്ടുന്നതെങ്കിൽ കണ്ണൂരിനു വടക്കോട്ട് ചെറുവത്തൂർ ഉൾപ്പെടെ മലബാർ എക്സ്പ്രസ്സിനു സ്റ്റോപ്പുള്ള മുഴുവൻ സ്റ്റേഷനുകളിലും നിർത്തിയെങ്കിൽ മാത്രമേ രാത്രി വരുന്ന യാത്രക്കാർക്ക് സഹായകമാവുകയുള്ളു. എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നതിനാലാണ് കെഎസ്ആർടിസി ബസുകൾ കണ്ണൂരിൽ നിന്നു പുറപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ ട്രെയിൻ കാസർകോട് വരെ നീട്ടിയാൽ കെഎസ്ആർടിസി സർവീസ് അവസാനിപ്പിക്കും. അതോടെ ട്രെയിനുണ്ട്, യാത്രാ സൗകര്യമില്ല എന്ന സ്ഥിതിയിലെത്തും. അതിനാലാണു എക്സിക്യൂട്ടീവിന്റെ സ്റ്റോപ്പിനും പ്രാധാന്യമേറുന്നത്.

