KSDLIVENEWS

Real news for everyone

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തണം ; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം ; ഹൈക്കോടതി സിംഗിള്‍ബഞ്ചിന്റെ വിധി

SHARE THIS ON

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ഹൈക്കോടതി സിംഗിള്‍ബഞ്ചിന്റെ വിധി. സര്‍വകലാശാല സസ്‌പെന്റ് ചെയ്ത 16 വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷ നടത്തണം. സസ്‌പെന്‍ഷന്‍ പാടില്ലെന്നും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. 84 ദിവസത്തെ സസ്‌പെന്‍ഷനാണ് കോടതി അവസാനിപ്പിച്ചത്.

ആറാഴ്ചയ്ക്കകം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ പ്രവേശിക്കാനുള്ള അനുമതിയും നല്‍കി. വൈസ് ചാന്‍സലര്‍ സിസാതോമസിനും സര്‍വകലാശാലയ്ക്കും വലിയ തിരിച്ചടിയാണ് ഇത്. അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. ഇനിയും അന്വേഷണം നടത്താം. എന്നാല്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പോലും 85 ദിവസത്തെ ഇവരുടെ സസ്‌പെന്‍ഷന്‍ കാലയളവ് പരിഗണിക്കണം. പ്രത്യേക പരീക്ഷ നടത്താന്‍ ശിക്ഷാ നടപടി കാരണമല്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നേരത്തേ ഈ കേസ് പരിഗണിച്ചപ്പോള്‍ ഇപ്പോഴത്തെ രാഷ്ട്രീയക്കാരും വിദ്യാര്‍ത്ഥികളായി കടന്നുവന്നവരല്ലേ എന്നും അക്കാലത്ത് എന്തെല്ലാം കാണിച്ചിരിക്കാമെന്നും കോടതി നേരത്തേ വിലയിരുത്തിയിരുന്നു. ഓഗസ്റ്റില്‍ സിന്‍ഡിക്കേറ്റ് യോഗത്തിന് ശേഷം താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് 16 വിദ്യാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, പരീക്ഷ എഴുതാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 2026 നവംബര്‍ 2 മുതലാണ് വിദ്യാര്‍ത്ഥികള്‍ കവാടത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. സത്യം ജയിച്ചെന്നായിരുന്നു വിധിക്ക് പിന്നാലെ എസ്.എഫ്.ഐ. യുടെ ആദ്യ പ്രതികരണം. മാപ്പ് പറയില്ലെന്നും തങ്ങളുടെ ഭാഗത്താണ് ന്യായമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജീവിതത്തില്‍ തോറ്റുപോയാലും ആര്‍എസ്എസിനോട് തോല്‍ക്കില്ലെന്നും പറഞ്ഞു. വിധിക്ക് പിന്നാലെ സമരക്കാരുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ‘പീപ്പിള്‍ യുണൈറ്റഡ് വില്‍ നെവര്‍ ബീ ഡിഫീറ്റഡ്’ എന്നെഴുതിയ ബാനറുമായി പ്രകടനം നടത്തുകയും ചെയ്തു.

നിയമനടപടികളില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തണമെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചിനെയും തുടര്‍ന്ന് സുപ്രീം കോടതിയെയും സമീപിക്കുകയും സുപ്രീംകോടതി ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

സര്‍വകലാശാലയുടെ നടപടിക്കെതിരേ 22 ദിവസമായി വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം നടത്തിവരികയായിരുന്നു. വിധിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഇന്ന് സമരം അവസാനിപ്പിക്കും. കണ്ണീരോടെയും മുദ്രാവാക്യം വിളികളോടെയുമാണ് വിദ്യാര്‍ത്ഥികള്‍ വിധിയെ വരവേറ്റത്. നാരങ്ങാനീര് കുടിച്ച് വിദ്യാര്‍ത്ഥികള്‍ നിരാഹാരം ഇന്ന് അവസാനിപ്പിക്കും.

error: Content is protected !!